ദുബായ് റാസൽഖോർ റോഡിൽ കാൽനടയാത്രക്കാർക്കായി രണ്ട് നടപ്പാലങ്ങൾ തുറന്നു. കാൽനടയാത്രക്കാർക്ക് സുരക്ഷിതമായ യാത്രയും റോഡിൽ മികച്ച സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിന്റെയും ഭാഗമായാണ് പാലങ്ങൾ നിർമ്മിച്ചതെന്ന് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. ഏറ്റവും നൂതനമായ ഇലക്ട്രോ മെക്കാനിക്കൽ സംവിധാനം, മുന്നറിയിപ്പ് സംവിധാനം, അഗ്നിരക്ഷാ ഉപകരണങ്ങൾ, റിമോട്ട് മോണിറ്ററിങ് സംവിധാനം, പ്രത്യേക ബൈക്ക് റാക്ക്സ് എന്നിവ ഉൾപ്പെടെയാണ് പാലങ്ങൾ നിർമ്മിച്ചിരിക്കുന്നത്.
ഒരു പാലം ക്രീക്ക് ഹാർബറിനെയും റാസൽഖോർ ഇൻഡസ്ട്രിയൽ ഏരിയയേയും ബന്ധിപ്പിക്കുന്നതാണ്. ഇതിന് 174 മീറ്റർ നീളവും ഒരു ഭാഗത്ത് 3.4 മീറ്ററും മറ്റൊരു ഭാഗത്ത് 4.1 മീറ്റർ വീതിയുമാണുള്ളത്. രണ്ടാമത്തെ പാലം മർഹബ മാളിനും നദ്ദ് അൽ ഹറമിലെ വസ്ൽ കോംപ്ലക്സിനും ഇടയിലായാണ് നിർമ്മിച്ചിരിക്കുന്നത്. ഇതിന് 101 മീറ്റർ നീളവും 3.4 മീറ്റർ വീതിയുമുണ്ട്. രണ്ട് പാലങ്ങളും റോഡിൽ നിന്ന് 6.5 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
ഈ വർഷത്തിന്റെ തുടക്കത്തിൽ പ്രഖ്യാപിച്ച ഏഴ് നടപ്പാലങ്ങളുടെ നിർമ്മാണത്തിന്റെ ഭാഗമായാണ് രണ്ട് പദ്ധതികൾ പൂർത്തീകരിച്ചത്. കാൽനടയാത്രക്കാർ കൂടുതലുള്ള സ്ഥലങ്ങൾ, ബസ് സ്റ്റോപ്പുകൾ, മാർക്കറ്റുകൾ, വാണിജ്യകേന്ദ്രങ്ങൾ, സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയ്ക്ക് സമീപമായാണ് പ്രാധാനമായും നടപ്പാലങ്ങൾ നിർമ്മിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.