യുഎഇയിൽ വാഹനം ഓടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി വീണ്ടും അധികൃതർ. മുന്നറിയിപ്പുകൾ ഉണ്ടായിട്ടും യുഎഇയിൽ നിരവധി ആളുകളാണ് ഡ്രൈവിംഗിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത്. ഈ സാഹചര്യത്തിലാണ് പൊതു ജനങ്ങൾക്ക് വീണ്ടും മുന്നറിയിപ്പിമായി പൊലീസ് സേന രംഗത്ത് എത്തിയിരിക്കുന്നത്.
പൊലീസ് വാഹനങ്ങൾ കാണുമ്പോൾ മൊബൈൽ ഫോൺ താഴ്ത്തിപിടിക്കുന്നവരും നിരീക്ഷണ ക്യാമറകളിൽ കുടുങ്ങും. നിയമ ലംഘകർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് പൊലീസ്. നിയമ ലംഘകരെ കണ്ടെത്തുന്നതിനായി ആധുനിക ക്യാമറകളും റെഡാറുകളും നിരന്തരം പ്രവർത്തിക്കുന്നുണ്ട്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിത വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ക്യാമറകൾക്ക് മൊബൈൽ ഫോൺ ഉപയോഗിക്കുന്ന ഡ്രൈവർമാരെ സൂം ഇൻ ചെയ്യാനും സാധിക്കും. മൊബൈൽ ഫോൺ ഉപയോഗം മൂലമുണ്ടായ അപകടങ്ങളിൽ കഴിഞ്ഞ ഏട്ട് മാസത്തിനടിയിൽ ദുബായിൽ ആറ് പേരാണ് മരിച്ചത്. 99 അപകടങ്ങളാണ് ഇക്കാലയളവിൽ റിപ്പോർട്ട് ചെയ്തത്. ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിച്ചാൽ 800 ദിർഹം പിഴയും ലൈസൻസിൽ നാല് ബ്ലാക്ക് പോയിന്റുകളുമാണ് ശിക്ഷ.