32-ാം വയസിൽ തന്റെ ഫുട്ബോൾ കരിയർ അവസാനിപ്പിച്ച് ബെൽജിയം താരം ഏദന്‍ ഹസാര്‍ഡ്. ഫുട്ബോളിലെ മികച്ച അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളായ ഹസാര്‍ഡ് ചെൽസിയുടേയും റയൽ മഡ്രിഡിന്റെയും മുൻ താരമാണ്. കരിയർ അവസാനിപ്പിക്കാൻ ശരിയായ സമയം ഇതാണെന്നാണ് കരുതുന്നതെന്ന് ഹസാഡ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
‘സ്വയം കേൾക്കുകയും കൃത്യസമയത്ത് നിർത്തുകയും ചെയ്യണം. 16 വർഷത്തിനും 700 മത്സരങ്ങൾക്കും ശേഷം പ്രഫഷണൽ ഫുട്ബോൾ താരമെന്ന നിലയിൽ എന്റെ കരിയർ അവസാനിപ്പിക്കുകയാണ്. കരിയറിൽ മികച്ച മാനേജർമാരുടെയും പരിശീലകരുടെയും താരങ്ങളുടെയും കൂടെ പ്രവർത്തിക്കാൻ സാധിച്ചു. എല്ലാവരെയും ഞാൻ മിസ് ചെയ്യും. ഞാൻ കളിച്ചിട്ടുള്ള ടീമുകളോടെല്ലാം നന്ദി അറിയിക്കുന്നു’ എന്നാണ് ഹസാർഡ് വ്യക്തമാക്കിയത്.
ഇംഗ്ലീഷ് ക്ലബ്ബ് ചെൽസിക്കായി കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത ഹസാർഡ് നാല് വർഷം മുമ്പ് സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡിലേക്ക് ചേക്കേറിയിരുന്നു. എന്നാൽ റയലിൽ ചേർന്ന ഹസാർഡിന് പരിക്ക് മൂലം പ്രതീക്ഷയ്ക്കൊത്ത പ്രകടനം പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല. ചെൽസിയിൽ 352 മത്സരങ്ങളിൽ നിന്ന് 110 ഗോളുകൾ താരം നേടിയിട്ടുണ്ട്. 54 ലീഗ് മത്സരങ്ങളടക്കം ആകെ 76 മത്സരങ്ങളിൽ മാത്രമാണ് റയലിന് വേണ്ടി ഹസാർഡിന് കളത്തിലിറങ്ങിയത്. തുടർന്ന് കഴിഞ്ഞ സീസണിന്റെ അവസാനം റയൽ വിട്ട താരം അധികം വൈകാതെ വിരമിക്കൽ പ്രഖ്യാപിക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബറിൽ ഹസാർഡ് രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ചിരുന്നു.