ഹൈഡ്രജൻ ട്രെയിൻ പരീക്ഷണത്തിനൊരുങ്ങി സൗദി അറേബ്യ. പദ്ധതി ഉടൻ ആരംഭിക്കുമെന്ന് സൗദി റെയിൽവേ അറിയിച്ചു. ഫ്രഞ്ച് കമ്പനിയായ അൽസ്റ്റോമുമായി കരാറിൽ ഒപ്പ് വച്ചതിന് ശേഷമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പരിസ്ഥിതി സൗഹൃദ ഗതാഗത മേഖലയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള നൂതന ചുവടുവെയ്പ്പാണ് ഹൈഡ്രജൻ ട്രെയിൻ പരീക്ഷണം. സുസ്ഥിര ഗതാഗത മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ആധുനിക കണ്ടുപിടിത്തങ്ങളിൽ ഒന്നാണ് ഹൈഡ്രജൻ ട്രെയിൻ.
സൗദിയുടെ പരിസ്ഥിതിക്കും അന്തരീക്ഷത്തിനും ഇണങ്ങുന്ന രീതിയിൽ ഇത്തരത്തിലുള്ള ട്രെയിൻ ഒരുക്കുന്നതിന് ആവശ്യമായ എല്ലാ പരീക്ഷണങ്ങളും പഠനങ്ങളും നടത്താനാണ് കരാറിൽ ഒപ്പുവച്ചിരിക്കുന്നത്. കൂടാതെ ഭാവിയിൽ ഹൈഡ്രജൻ ട്രെയിനുകളുടെ സർവിസ് ആരംഭിക്കുന്നതിനുള്ള തയാറെടുപ്പിന്റെ ഭാഗം കൂടിയാണിത്. ഈ ഒക്ടോബറിൽ തന്നെ പരീക്ഷണങ്ങൾ ആരംഭിക്കുമെന്ന് സൗദി റെയിൽവേ അറിയിച്ചു. മാത്രമല്ല, ഈ ട്രെയിനുകളുടെ പ്രവർത്തനം പശ്ചിമേഷ്യൻ, ഉത്തരാഫ്രിക്കൻ മേഖലയിൽ ഇതാദ്യമായാണ്.
അതേസമയം ഗുണപരമായ സംരംഭങ്ങൾ നടപ്പാക്കുന്നതിലുള്ള സൗദി റെയിൽവേയുടെ പ്രതിബദ്ധത സ്ഥിരീകരിക്കുന്ന പദ്ധതിയാണ് ഇതെന്ന് സൗദി റെയിൽവേ സിഇഒ ഡോ. ബഷീർ ബിൻ ഖാലിദ് അൽമാലിക് പറഞ്ഞു. ഗതാഗത, ലോജിസ്റ്റിക് സേവനങ്ങൾക്കായുള്ള ദേശീയ തന്ത്രവുമായി ബന്ധപ്പെട്ട കമ്പനിയുടെ പദ്ധതികൾ ഉൾപ്പെടുന്നതാണ് കരാർ. കാർബൺ പുറന്തള്ളാതെ ട്രെയിനുകൾ പ്രവർത്തിപ്പിക്കുന്നതിനും നീക്കുന്നതിനും ആവശ്യമായ ഊർജം ഉൽപാദിപ്പിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. ഹൈഡ്രജൻ ട്രെയിൻ നിരവധി ഗുണങ്ങളും സവിശേഷതകളും ഉണ്ട്. പരിസ്ഥിതി, സമ്പദ് വ്യവസ്ഥ, ഭാവി തലമുറയുടെ ഭാവി എന്നിവയിൽ നല്ല സ്വാധീനം ചെലുത്തുമെന്നും സിഇഒ കൂട്ടിച്ചേർത്തു.