ഓള്‍ഡ് മസ്‌കറ്റിൽ പോര്‍ച്ചുഗീസുകാര്‍ 16ആം നൂറ്റാണ്ടില്‍ നിര്‍മിച്ച സൈനിക പാളയമായ മത്ര കോട്ടയുടെ മുഖം മിനുക്കുന്നു. കോട്ടയിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരുന്നതിന് എലവേറ്ററും ഉടൻ നിര്‍മിക്കും. മത്ര കോര്‍ണിഷില്‍ അല്‍ ബഹ്രി റോഡിലുള്ള മത്ര കോട്ട തലസ്ഥാന നഗരിയുടെ കിരീടമാണ്. കോട്ടയുടെ മുകളില്‍ നിന്ന് നോക്കിയാൽ കാണുന്ന കാഴ്ച അതീവ ഭംഗിയുള്ള കാഴ്ചയും അറബിക്കടലിനെ ആവോളം ആസ്വദിക്കാന്‍ സാധിക്കുന്ന അപൂർവ നിമിഷവും മനസ് നിറയ്ക്കും. കോട്ടയുടെ കുത്തനെയുള്ള കയറ്റം ചരിത്രത്തിന്റെ ആഴങ്ങളിലേക്ക് നീളുന്ന പാതയാണ്. എന്നാല്‍, ഈ ഭംഗി ആസ്വദിക്കാന്‍ സാഹസികത വേണ്ടുവോളം ആവശ്യവുമാണ്.
ചരിത്രപരമായ സൈനിക താവളം കുന്നിന്‍പുറത്താണ് പോര്‍ച്ചുഗീസുകാര്‍ നിര്‍മിച്ചത്. കുത്തനെയുള്ള പടികൾ കയറണം എന്നതിനാൽ മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഇവിടെയെത്തുക വളരെ പ്രയാസമാണ്. അതേസമയം, ശാരീരിക വിഷമതകള്‍ ഇല്ലാത്തവര്‍ അവധിദിനങ്ങളിലും വാരാന്ത്യങ്ങളിലും ഇവിടം സന്ദർശിക്കാറുണ്ട്.
ഈ ദുരിതത്തിന് ആശ്വാസമായി നിലവില്‍ എലവേറ്റര്‍ സ്ഥാപിക്കാനുള്ള ആലോചനയിലാണ് ഫോര്‍ട്ട് അധികൃതര്‍. ഇതിനായി ഗ്രീക്ക് കമ്പനിയായ ഡോപ്ലറുമായി ചര്‍ച്ച നടത്തിവരികയാണ്. എലവേറ്റര്‍ വന്നാല്‍ ഏത് പ്രായക്കാര്‍ക്കും ഈസിയായി കോട്ടയുടെ മുകളിലെത്തി കാഴ്ചകള്‍ ആവോളം ആസ്വദിക്കാനുള്ള അവസരമുണ്ടാവും. എന്നാൽ എട്ട് വര്‍ഷം മുൻപ് നവീകരണം പൂര്‍ത്തിയാക്കിയിരുന്ന. ഇതിന് പിന്നാലെയാണ് ഇത്തരമൊരു ആശയം മുളപൊട്ടിയത്.