ഒമാനിൽ മൂന്ന് ദിവസത്തേക്ക് താപനില ഉയരുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒമാന്റെ വിവിധ ഭാഗങ്ങളിൽ വാരാന്ത്യത്തിൽ താപനില ഏകദേശം 40 ഡിഗ്രി സെൽഷ്യസ് വരെ എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
മരുഭൂമിയിലെ താപനിലയിൽ തുടർച്ചയായുണ്ടായ വർധനവാണ് ഇതിന് കാരണമെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയത്. രാജ്യത്തിന്റെ സമുദ്ര തീരപ്രദേശങ്ങളിലും ദക്ഷിണ ശർഖിയയിലെ മരുഭൂമികളിലും ഇന്ന് രാവിലെ മുതൽ 40 ഡിഗ്രി സെൽഷ്യസിനോട് അടുത്ത അന്തരീക്ഷ താപനിലയാണ് രേഖപ്പെടുത്തിയത്.
നാളെ (വെള്ളിയാഴ്ച) തെക്കൻ അൽ ബത്തിന പ്രദേശങ്ങൾ, മസ്കറ്റ് ഗവർണറേറ്റിലെ പർവത പ്രദേശങ്ങൾ എന്നിവടങ്ങളിൽ താപനില താരതമ്യേന ഉയരുമെന്നും അധികൃതർ അറിയിച്ചു.