യുഎഇയിൽ സ്വർണ വിലയിൽ ഇടിവ്. ഇന്ന് ദുബായിലെ ആദ്യ വ്യാപാരത്തിൽ തന്നെ സ്വർണ വിലയിൽ വലിയ കുറവാണ് സംഭവിച്ചത്. 24 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 220.75 ദിർഹം എന്ന നിരക്കിലാണ് വ്യാപാരം നടന്നത്. കഴിഞ്ഞ ദിവസം ഇത് ഗ്രാമിന് 221,5 ദിർഹം എന്ന നിലയിലായിരുന്നു. അതുപോലെ വിവിധ കാരറ്റ് സ്വർണങ്ങൾക്കും വിലക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 22 കാരറ്റ്, 21 കാരറ്റ്, 18 കാരറ്റ് എന്നിവയ്ക്ക് യഥാക്രമം ഗ്രാമിന് 204.5 ദിർഹം, 198.0 ദിർഹം, 169.75 ദിർഹം എന്നിങ്ങനെയാണ് വ്യാപാരം നടക്കുന്നത്. സ്വർണ്ണ വില കുറയുന്നതോടെ ജ്വല്ലറികളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
കുറച്ച് ദിവസങ്ങളായി സ്വർണ്ണ വിലയിൽ നേരിയ രീതിയിലുള്ള കുറവാണ് യുഎഇയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 2023-ൽ സ്വർണ്ണത്തിന് 10 ശതമാനം മുതൽ 15 ശതമാനം വരെയോ അല്ലെങ്കിൽ അതിലും കൂടുതലോ വില ഉയരുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കിയത്. ഇത് 2024 ആകുമ്പോഴേക്കും ഗ്രാമിന്റെ വിലയിൽ ഏകദേശം 50 ദിർഹത്തിന്റെ വർധനവ് ഉണ്ടാക്കിയേക്കുമെന്നാണ് വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ വില കുറയുന്ന സമയത്ത് ജ്വല്ലറികളിൽ വലിയതോതിലുള്ള തിരക്കാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്.