ഒമാനിൽ വർധിച്ചുവരുന്ന യാചന തടയുന്നതിന്റെ ഭാഗമായുള്ള ക്യാമ്പയിന് തുടക്കം കുറിച്ചു. ‘നിങ്ങൾ നൽകുന്നത് അഴിമതി സംജാതമാക്കും’ എന്ന പേരിലാണ് ക്യാമ്പയിൻ നടത്തുന്നത്. വിവിധ സർക്കാർ, സർക്കാറേതര സ്ഥാപനങ്ങളുമായി സഹകരിച്ച് സാമൂഹിക വികസന മന്ത്രാലയമാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. റോയൽ ഒമാൻ പൊലീസ്, ഇൻഫർമേഷൻ മന്ത്രാലയം, തൊഴിൽ മന്ത്രാലയം, ഔഖാഫ് മതകാര്യ മന്ത്രാലയം, വാർത്തവിനിമയ ഐ.ടി മന്ത്രാലയം, ഗതാഗത മന്ത്രാലയം, പബ്ലിക് പ്രോസിക്യൂഷൻ, സർക്കാർ, സ്വകാര്യസ്ഥാപനങ്ങൾ എന്നിവയാണ് ക്യാമ്പയിനിൽ പങ്കെടുക്കുന്നത്.
ഇതിലൂടെ യാചനയ്ക്കെതിരെ പൊതുജനങ്ങളിൽ ബോധവത്കരണം ഉണ്ടാക്കുക, ഇതുമൂലമുണ്ടാകുന്ന സാമൂഹിക പ്രത്യാഘാതങ്ങൾ കുറക്കാനും കേസുകൾ അധികൃതർക്ക് റിപ്പോർട്ട് ചെയ്യാനും പൊതുജനങ്ങളെ ബോധവത്കരിക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം. അച്ചടിമാധ്യമങ്ങൾ, ദൃശ്യശ്രാവ്യ വിഭാഗം, സമൂഹ മാധ്യമങ്ങൾ, എസ്.എം.എസ്, പരസ്യങ്ങൾ എന്നിവയിലൂടെ എല്ലാ വിഭാഗം ജനങ്ങളെയും ക്യാമ്പയിൻ ബോധവത്കരിക്കും.
സമൂഹത്തിന്റെ സഹതാപം പിടിച്ചുപറ്റി അധ്വാനിക്കാതെ പെട്ടെന്ന് പണമുണ്ടാക്കാനുള്ള മാർഗമാണ് യാചന. ഇങ്ങനെ കിട്ടുന്ന പണം മയക്കുമരുന്ന് ഉപയോഗത്തിനും മദ്യപാനത്തിനും വഴിയൊരുക്കുമെന്ന് ക്യാമ്പയിനിൽ വിശദീകരിക്കും. കൂടാതെപ്രത്യക്ഷമായ, ഒളിഞ്ഞ, ഓൺലൈൻ, പ്രത്യേക സീസൺ എന്നിങ്ങനെ വിവിധ തരത്തിലുള്ള യാചനകളെ കുറിച്ചും ക്യാമ്പയിനിൽ വിശദീകരിക്കും. മാത്രമല്ല, വരുമാനമുണ്ടാക്കുന്നതിന്റെ ഭാഗമായി യാചന തൊഴിലാക്കിയവരുമുണ്ട്. ഇതിന്റെ ഭാഗമായി കുട്ടികളെയും അംഗവൈകല്യമുള്ളവരെയും പരിശീലിപ്പിച്ച് നിർബന്ധിച്ച് യാചന നടത്തിച്ച് പണം സമ്പാദിക്കുന്നവരും ഉണ്ട്.
അതേസമയം സക്കാത്ത് ഫണ്ട് വഴി സംഭാവനകൾ നൽകാത്തത് അർഹരായവരിൽ ദാനധർമം എത്താതിരിക്കാനും കുട്ടികളെ ചൂഷണംചെയ്യാനും കാരണമാക്കുമെന്ന് ക്യാമ്പയിനിലൂടെ ബോധവൽക്കരിക്കും. വഞ്ചനയും കുറ്റകൃത്യങ്ങളും വർധിക്കാനും പുറം രാജ്യങ്ങളിൽനിന്ന് മയക്കുമരുന്ന് ഒമാനിലേക്ക് കടത്താനും ഇത് വഴിയൊരുക്കും. അതോടൊപ്പം, യാചന നടത്തുന്ന രാജ്യത്ത് എത്തുന്ന വിനോദ സഞ്ചാരികൾക്കിടയിൽ രാജ്യത്തിന്റെ മതിപ്പ് കുറയ്ക്കാനും ഇത് കാരണമാക്കുന്നുണ്ട്. യാചകർക്ക് പണം നൽകാൻ പ്രേരണ നൽകുന്ന വിഷയത്തിന്റെ തെറ്റായ ധാരണ തിരുത്താനും അതിനെതിരെ വീണ്ടും ബോധവത്കരണം നടത്താനും ക്യാമ്പയിൻ സഹായിക്കുമെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.