ഒന്‍പതിനായിരം കോടിയുടെ വായ്പാത്തട്ടിപ്പ് നടത്തി രാജ്യം വിട്ട വ്യവസായ പ്രമുഖന് വിജയ് മല്യയ്ക്ക് സുപ്രീം കോടതി നാല് മാസം തടവും 2000 രൂപ പിഴയും വിധിച്ചു. കോടതിയലക്ഷ്യ കേസിലാണ് വിധി. 2017ൽ കോടതിയിൽ നിന്ന് വിവരങ്ങൾ മറച്ചുവെച്ചതിന് മല്യ കുറ്റക്കാരനാണെന്നും കോടതി.
ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് നല്‍കേണ്ട നാല്പത് ദശലക്ഷം അമേരിക്കന്‍ ഡോളര്‍ നാല് ആഴ്ചയ്ക്കുളളില്‍ പലിശ സഹിതം തിരികെ നിക്ഷേപിക്കണമെന്നും മല്യയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. വീഴ്ചയുണ്ടായാല്‍ സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും സുപ്രീം കോടതി കൂട്ടിച്ചേർത്തു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യം നല്കിയ ഹര്‍ജിയിലാണ് വിധി. ബ്രിട്ടനിലേക്ക് ഒളിച്ചുകടന്ന മല്യയുടെ അഭാവത്തിലാണു കേസില്‍ വിചാരണ പൂർത്തിയാക്കിയത്. ജസ്റ്റിസ് യു. യു ലളിത് അധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് പി എസ്. നരസിംഹ എന്നിവരും ഉണ്ടായിരുന്നു.
വിവിധ ബാങ്കുകൾക്ക് നല്‍കാനുണ്ടായിരുന്ന 6400 കോടിരൂപ തിരച്ചടയ്ക്കാന്‍ സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇത് പാലിക്കാത്തതും കോടതിയലക്ഷ്യമാണെന്ന് കണ്ടെത്തി. സ്വത്ത് വെളിപ്പെടുത്താത്തതിനും കർണാടക ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവുകൾ ലംഘിച്ചതിനും മല്യ രണ്ട് കേസുകളിൽ കുറ്റക്കാരനാണെന്ന് കേസിൽ ബെഞ്ചിനെ സഹായിക്കുന്ന മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്ത അമിക്കസ് ക്യൂറി സമർപ്പിച്ചിരുന്നു.
യുകെയിലുളള വിജയ് മല്യയെ ഇന്ത്യയിലെത്തിക്കാന്‍ നീക്കം നടത്തുന്നതിനിടെയാണ് കോടതി വിധി. മല്യയ്ക്കായി ഇനിയും കാത്തിരിക്കാനാകില്ലെന്നും കോടതി സൂചിപ്പിച്ചു. അതേസമയം കഴിഞ്ഞ വര്‍ഷം യുകെ കോടതി മല്യയെ പാപ്പരായി പ്രഖ്യാപിച്ചിരുന്നു.