റോബിൻ വർഗീസ് രാജ് – മമ്മൂട്ടി കൂട്ടുകെട്ടിൽ പിറന്ന കണ്ണൂർ സ്ക്വാഡ് മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. കണ്ണൂർ എസ്പിക്ക് കീഴിൽ ഉണ്ടായിരുന്ന യഥാർഥ കണ്ണൂർ സ്ക്വാഡ് അന്വേഷിച്ച കേസുകളിലെ രണ്ട് കഥകൾ മാത്രമാണ് സിനിമയിൽ പറയുന്നത്. ഇതിൽ തന്നെ കാസർകോട് ജില്ലയിലെ തൃക്കരിപ്പൂരിൽ നടന്ന ഒരു കൊലപാതകവും കവർച്ചയുമാണ് സിനിമയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
2013 ആഗസ്റ്റ് നാലിനാണ് തൃക്കരിപ്പൂർ സ്വദേശിയും വ്യവസായിയുമായ അബ്ദുൾ സലാം ഹാജി അതിദാരുണമായി കൊല്ലപ്പെടുന്നത്. വീട്ടിൽ പണം സൂക്ഷിച്ചിട്ടുണ്ടെന്ന് കരുതിയായിരുന്നു കവർച്ചാ സംഘം എത്തിയത്.
ഏറെ നേരം ശ്രമിച്ചിട്ടും കൂടുതൽ പണം കണ്ടെത്താൻ സാധിക്കാതിരുന്നതോടെ സലാം ഹാജിയെ കൊലപ്പെടുത്തുകയായിരുന്നു. കൊലയ്ക്കുശേഷം യുഎഇ ദിർഹവും സ്വർണവുമടക്കം ഏഴര ലക്ഷം രൂപയുടെ സാധനങ്ങൾ കവർന്നു.
പ്രതികൾ എല്ലാവരും തന്നെ ഹിന്ദിയിലായിരുന്നു സംസാരിച്ചത്. അതുകൊണ്ട് തന്നെ തുടക്കത്തിൽ അന്യസംസ്ഥാനക്കാരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. പ്രതികളിൽ ഒരാളുടെ വിയർപ്പ് തുള്ളിയിൽ നിന്നും ഡി എൻ എ സാമ്പിൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് കേസിൽ നിർണ്ണായകമായത്. പിന്നീട് അലഹബാദിൽ നിന്നടക്കമാണ് മലയാളികളായ പ്രതികളെ കണ്ണൂർ സ്‌ക്വാഡ് പിടികൂടിയത്.
ദക്ഷിണാഫ്രിക്കയിൽ വ്യവസായം തുടങ്ങാൻ പണം കണ്ടെത്താനാണാണ് കവർച്ച നടത്തിയതെന്നാണ് പ്രതികൾ കൊടുത്ത മൊഴി . യഥാർത്ഥ സംഭവത്തിൽ നിന്നും ചില മാറ്റങ്ങളോട് കൂടിയാണ് സിനിമ എത്തിയിരിക്കുന്നത്. അഡീഷണൽ സബ് ഇൻസ്‌പെക്ടർ ബേബി ജോർജിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ പി. വിനോദ് കുമാർ, കെ. മനോജ് കുമാർ, റാഫി മുഹമ്മദ്, സി.കെ. രാജശേഖരൻ, സി. സുനിൽകുമാർ, റെജി സ്‌കറിയ, കെ. ജയരാജൻ എന്നിവരാണ് യഥാർത്ഥ കണ്ണൂർ സ്ക്വാഡിലുണ്ടായിരുന്നത്.