വീടിനുള്ളിൽ തന്നെ ജൈവ-അജൈവ മാലിന്യങ്ങൾ വേർതിരിച്ച്, പരിസ്ഥിതി സൗഹൃദ സംസ്കരണം സാധ്യമാകുന്ന ഉറവിട മാലിന്യപദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി. പുനരുപയോഗിക്കാൻ സാധിക്കുന്ന വസ്തുക്കളും ജൈവ മാലിന്യങ്ങളും വേർതിരിക്കുന്നതിനുള്ള കണ്ടെയ്നറുകളുടെ വിതരണം ഈ മാസം ആരംഭിക്കുമെന്ന് പൊതു ശുചിത്വ വകുപ്പ് മേധാവി മുഖ്ബിൽ മദ്ഹൂർ അൽ ഷമ്മാരി പറഞ്ഞു.
മാലിന്യങ്ങൾ ഉറവിടങ്ങളിൽ നിന്ന് തന്നെ വേർതിരിക്കുന്ന ഈ പദ്ധതിയുടെ രണ്ടാംഘട്ടം ദോഹയിൽ നിന്നാണ് ആരംഭിക്കുന്നത്. 2025 വരെ രണ്ടുവർഷം പദ്ധതി നീളുമെന്നും എല്ലാ വീടുകളിലും ഇത് പ്രാവർത്തികമാക്കുമെന്നും അൽ ഷമ്മാരി കൂട്ടിച്ചേർത്തു. ഉംസലാൽ, അൽഖോർ, അൽ ദആയിൻ, അൽ ഷമാൽ എന്നിവിടങ്ങളിൽ 2026ലാണ് പദ്ധതി ആരംഭിക്കുകയെന്നും അടുത്തിടെ അൽ ഷമ്മാരി പറഞ്ഞു. കൂടാതെ 2027 അവസാനത്തോടെ അൽ റയാൻ, അൽ വക്റ, അൽ ഷഹാനിയ എന്നിവിടങ്ങളിലും പദ്ധതി വ്യാപിപ്പിക്കും. പദ്ധതി പ്രകാരം എല്ലാ പൗരന്മാർക്കും പ്രവാസികൾക്കും ഉൾപ്പെടെ എല്ലാ വീടുകളിലും മാലിന്യം നിക്ഷേപിക്കുന്നതിനുള്ള പ്രത്യേക പാത്രങ്ങൾ വിതരണം ചെയ്യും.
അൽ ദഫ്നയിലെ ജാലിയ പ്രദേശത്ത് ഇതിന്റെ പൈലറ്റ് പ്രോജക്ട് വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. പ്രദേശത്തെ വീടുകളിലായി 185 കണ്ടെയ്നറുകളാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്. പദ്ധതി പ്രാവർത്തികമാക്കുന്നത് വേഗത്തിലാക്കുന്നതിന് വേണ്ടി ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് പൊതു ശുചിത്വ വകുപ്പ് നിരവധി പദ്ധതികൾ ആവിഷ്കരിക്കുമെന്നും വകുപ്പ് മേധാവി ചൂണ്ടിക്കാട്ടി. 2019ലാണ് ഉറവിട മാലിന്യ സംസ്കരണപദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കിയത്. ഇതിൽ സ്കൂളുകളും ആരോഗ്യ കേന്ദ്രങ്ങളുമാണ് ഉൾക്കൊള്ളുന്നത്. ഇതിന് ശേഷം 2020ൽ ഹോട്ടലുകളിലും പൊതു പാർക്കുകളിലും പദ്ധതി നടപ്പാക്കി തുടങ്ങി. തൊട്ടടുത്ത വർഷം സർക്കാർ കെട്ടിടങ്ങളിലും ബാങ്ക് കെട്ടിടങ്ങളും പദ്ധതിയിലേക്ക് ചേർക്കപ്പെടുകയും ചെയ്തു.
മാലിന്യ സംസ്കരണത്തിന് രണ്ട് തരത്തിലുള്ള ബാസ്കറ്റ്
വീടുകളിൽ രണ്ട് തരം ചവറ്റുകുട്ടകളാണ് മാലിന്യങ്ങൾ ശേഖരിക്കുന്നതിന് വേണ്ടി നൽകുന്നത്. ചാര നിറത്തിലുള്ള കണ്ടെയ്നർ ഭക്ഷ്യ അവശിഷ്ടങ്ങൾക്കും (ജൈവ മാലിന്യങ്ങൾ), പുനരുപയോഗിക്കാവുന്ന വസ്തുക്കൾ നിക്ഷേപിക്കാൻ നീല നിറത്തിലുള്ള കണ്ടെയ്നറും നൽകും. മാത്രമല്ല, ആവശ്യാനുസരണം വ്യത്യസ്ത വലുപ്പത്തിലുള്ള ചവറ്റുകുട്ടകൾ വീടുകൾക്ക് പുറത്ത് സ്ഥാപിക്കുമെന്നും അധികൃതർ വ്യക്തമാക്കി. പദ്ധതി പരമാവധി ആളുകളിലേക്ക് എത്തിക്കുന്നതിനായി വകുപ്പ് ഒന്നിലധികം ഭാഷകളിൽ ബോധവത്കരണ പരിപാടികൾ നടപ്പാക്കുമെന്നും അധികൃതർ അറിയിച്ചു. വീടുകളിൽ മാലിന്യം കൈകാര്യം ചെയ്യുന്നവരുമായി ആശയവിനിമയം നടത്താനും ചവറ്റുകുട്ടകൾ എങ്ങനെ ശരിയായി ഉപയോഗിക്കണമെന്ന് അവരെ ബോധവത്കരിക്കാനും വകുപ്പിൽനിന്നുള്ള ഒരു സംഘത്തെയും നിയമിക്കുന്നുണ്ട്.
അതേസമയം ഖത്തറിലെ എല്ലാ വീടുകളിലും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ മാലിന്യം വേർതിരിക്കുന്നതിനുള്ള ചവറ്റുകുട്ടകൾ അധികൃതർ ലഭ്യമാക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. മാലിന്യം തുടക്കം മുതൽ വേർതിരിക്കുന്നതിലൂടെ സാമ്പത്തികവും പാരിസ്ഥിതികവും ആരോഗ്യപരവുമായ നിരവധി നേട്ടങ്ങൾ ഉണ്ടാകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഭാവി തലമുറകൾക്കായി പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുക, പുനരുപയോഗിക്കാവുന്ന വസ്തുക്കൾ നൽകി സ്വകാര്യ മേഖലയെ പിന്തുണക്കുക, അസംസ്കൃത വസ്തുക്കളുടെ ആവശ്യം കുറക്കുന്നതിന് പരമാവധി പുനരുപയോഗിക്കാവുന്ന വസ്തുക്കളുപയോഗിക്കുക എന്നിവയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.