സൗദി എയർലൈൻസിന് ഇനി പുതിയ ലോഗോ. ജിദ്ദയിൽ നടന്ന പരിപാടിയിലാണ് സൗദി എയർലൈൻസ് അധികൃതർ അതിന്റെ പുതിയ ദൃശ്യ ലോഗോ പുറത്തിറക്കിയത്. 1980കളിലെ ലോഗോയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് ചെറിയ പരിഷ്കാരങ്ങളോടെയും സൗദി ഐഡൻറിറ്റി ആധികാരികതയോടെ ആഴത്തിൽ എടുത്തുകാണിക്കുന്ന നിറങ്ങളോടെയുമാണ് പുതിയ ലോഗോ ഒരുക്കിയിരിക്കുന്നത്.
സൗദിയുമായി ബന്ധപ്പെട്ട മൂന്ന് നിറങ്ങളിലുള്ളതാണ് പുതിയ ലോഗോ. അഭിമാനത്തിന്റെയും ബഹുമാനത്തിന്റെയും പ്രതീകമായ പതാകയുടെ നിറം ഉൾക്കൊള്ളുന്ന പച്ച നിറം, സൗദിയുടെ ഔദാര്യം, സംസ്കാരം, ആതിഥ്യ മര്യാദ എന്നിവയുടെ പ്രതീകമായ ഈന്തപ്പനയുടെ നിറം, രാജ്യത്തിന്റെ കടലിന്റെയും ആകാശത്തിന്റെയും നിറത്തെ പ്രതിനിധീകരിക്കുന്ന നീല നിറം, രാജ്യത്തിന്റെ സമ്പന്നതയുടെ പ്രതീകവും ആധികാരിതയും അടിയുടച്ച വേരുകളും അടയാളപ്പെടുത്തുന്ന മണൽ നിറം എന്നിവ ചേർത്തതാണ് പുതിയ ലോഗോ.
അതേസമയം വിമാനത്തിലെ ജോലിക്കാർക്ക് സവിശേഷമായ സൗദി സ്വഭാവത്തോടെ രൂപകൽപ്പന ചെയ്ത പുതിയ യൂണിഫോമും പുറത്തിറക്കിയിട്ടുണ്ട്. കൂടാതെ ഇനി മുതൽ ആതിഥ്യ മര്യാദയുടെ ശൈലിയിലും മാറ്റമുണ്ടാകും. രാജ്യത്ത് ധാരാളമുള്ള ഏറ്റവും മികച്ച ഈത്തപ്പഴങ്ങളും ഉയർന്ന നിലവാരമുള്ള സൗദി കഹ്വയും യാത്രക്കാർക്ക് നൽകിയായിരിക്കും യാത്രക്കാരെ സ്വീകരിക്കുക. ദേശീയ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്നതിന് വേണ്ടിയാണിത്. ഭക്ഷണത്തിൽ രാജ്യത്തെ ഉൽപാദിപ്പിക്കുന്ന വസ്തുക്കളായിരിക്കും ഉപയോഗിക്കുക. സൗദിയുടെ സംസ്കാരത്തിലും ദേശീയ സ്വത്വത്തിലും ഉള്ള താൽപ്പര്യത്തെ പ്രതിഫലിപ്പിക്കുന്നതായിരിക്കും വിമാനത്തിനുള്ളിലെ ഭക്ഷണ മെനുകൾ. സൗദി സ്വഭാവം കൊണ്ട് സവിശേഷമായ 40ലധികം തരത്തിലുള്ള സൗദി ഭക്ഷണങ്ങൾ ഇതിലുൾപ്പെടുന്നു.
ഇതിലൂടെ യാത്രക്കാർക്ക് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലെ ഭക്ഷണ വൈവിധ്യത്തെക്കുറിച്ച് പരിചയപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നത്. ഇതിനോടൊപ്പം ഒരു കൂട്ടം പരമ്പരാഗത സുഗന്ധമുള്ള ടിഷ്യുകളും പുറത്തിറക്കിയിട്ടുണ്ട്. അതിഥി കാബിനുകൾ സൗദിയയുടെ ലോഗോയെ പ്രതിഫലിപ്പിക്കുന്ന പുതിയ ഡിസൈനുകളിലും നിറങ്ങളിലുമായിരിക്കും ഉണ്ടായിരിക്കുക. സിനിമകൾ, ചാനലുകൾ, ഓഡിയോ പ്രോഗ്രാമുകൾ എന്നിവ പ്രാദേശിക സൗദി ഉള്ളടക്കമുള്ളതായിരിക്കും. കൂടാതെ വിമാനത്തിനുള്ളിലെ വിനോദ സംവിധാനങ്ങളെ സമ്പന്നമാക്കുന്ന സംഗീത ട്യൂണുകൾ സൗദിയിലെ സംഗീതോപകരണങ്ങൾ ഉപയോഗിച്ചായിരിക്കും.
ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് ‘സൗദിയ’ എന്ന പേരിൽ വെർച്വൽ അസിസ്റ്റൻറായുള്ള പ്രവർത്തനങ്ങളോടെയാണ് പുതുയുഗത്തിന് തുടക്കമിടുന്നത്. മേഖലയിൽ ഇത്തരത്തിൽ ഇത് ആദ്യത്തേതായിരിക്കും. ഇത് രേഖാമൂലവും വോയ്‌സ് ചാറ്റും വഴി എല്ലാ ബുക്കിങ്, ഫ്ലൈറ്റ് നടപടിക്രമങ്ങളും പൂർത്തിയാക്കാൻ യാത്രക്കാരെ പ്രാപ്‌തമാക്കും. ഒരു വിമാനത്തിൽ നിന്ന് തുടങ്ങി സൗദി എയർലൈൻ ഇപ്പോൾ 140 വിമാനങ്ങൾ കവിഞ്ഞു. ലോകമെമ്പാടുമുള്ള നാല് ഭൂഖണ്ഡങ്ങളിലായി 100 ലധികം ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചേരുന്നുണ്ട്. മേഖലയിലെ ഏറ്റവും വലിയ എയർലൈനുകളിൽ ഒന്നായി സൗദി എയർലൈൻ മാറുകയും ചെയ്തു.