വിനീത് ശ്രീനിവാസന്റെ 39-ാം പിറന്നാളാണ് ഇന്ന്. വിനീത് ശ്രീനിവാസന്റെ പിറന്നാളിന് ആശംസകളറിയിച്ചിരിക്കുകയാണ് നടൻ നിവിൻ പോളി.
‘സഹോദരാ, പിറന്നാൾ ആശംസകൾ. മികച്ചൊരു വർഷം ആശംസിക്കുന്നു’ എന്ന കുറിപ്പിനൊപ്പം ‘തട്ടത്തിൻ മറയത്തി’ലെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് നിവിൻ. നിരവധിപേരാണ് വിനീത് ആശംസകളുമായി എത്തിയിരിക്കുന്നത്.
നിവിന് ഹിറ്റ് സിനിമ സമ്മാനിച്ച സംവിധായകനാണ് വിനീത് ശ്രീനിവാസൻ. ‘ഹൃദയ’ത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലും നിവിൻ പോളി പ്രധാന താരമാണ്. എൺപതുകളിലെ ചെന്നൈ ജീവിതമാണ് ‘വർഷങ്ങൾക്കുശേഷം’ എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ പ്രമേയം. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ബേസിൽ ജോസഫ്, നീരജ് മാധവ്, നിത പിള്ള, അർജുൻലാൽ, നിഖിൽ നായർ, ഷാൻ റഹ്മാൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
1984 ഒക്ടോബർ 1ന് കണ്ണൂർ ജില്ലയിൽ കൂത്തുപറമ്പിൽ നടൻ ശ്രീനിവാസന്റെയും വിമലയുടെയും മൂത്തമകനായി വിനീത് ജനിച്ചു. കൂത്തുപറമ്പ് റാണി ജയ് ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിദ്യാഭ്യാസം നേടിയ ശേഷംചെന്നൈ കെ.ജി.ജി. കോളേജിൽ നിന്നും മെക്കാനിക്കൽ എൻജിനീയറിംഗ് ബിരുദം നേടി. 2003-ൽ കിളിച്ചുണ്ടൻ മാമ്പഴം എന്ന സിനിമയിലെ കസവിന്റെ തട്ടമിട്ട് എന്നതാണ് ആദ്യ ചലച്ചിത്രഗാനം. തുടർന്ന് നിരവധി സിനിമകളിൽ പാടി. 2005-ൽ പുറത്തിറങ്ങിയ ഉദയനാണു താരം എന്ന ചിത്രത്തിൽ സ്വന്തം പിതാവ് അഭിനയിച്ച നൃത്ത രംഗത്തിനുവേണ്ടി പാടിയ കരളേ കരളിന്റെ കരളേ എന്ന ഗാനം ഏറെ ശ്രദ്ധേയമായി.