ദുബായ് 10 എക്സ് പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് അംഗീകാരം നൽകി. എമിറേറ്റിലെ പൊതുഗതാഗതം, വ്യോമയാനം, നഗരാസൂത്രണം, ആരോഗ്യ സുരക്ഷ തുടങ്ങിയ പ്രധാന മേഖലകളിലെ വികസനം ലക്ഷ്യമിടുന്ന പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് യുഎഇ എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് അംഗീകാരം നൽകിയത്.
വികസന രംഗത്ത് ലോകഭൂപടത്തിൽ ദുബായിയെ ഒന്നാമതെത്തിക്കാൻ ലക്ഷ്യമിടുന്ന ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷന്റെ പദ്ധതിയാണ് ദുബായ് 10 എക്സ്. വ്യത്യസ്തമായ 33 സർക്കാർ സ്ഥാപനങ്ങളിലെ 120ലധികം ജീവനക്കാർ ചേർന്ന് വികസിപ്പിച്ച 79 ആശയങ്ങളിൽ നിന്ന് ഏറ്റവും മികച്ച ആശയങ്ങളാണ് ദുബായ് 10 എക്സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എമിറേറ്റിലെ വിമാനത്താവളങ്ങളിലെ യാത്രാനുഭവം മെച്ചപ്പെടുത്തുക, തുടക്കത്തിലെ രോഗം നിർണയിക്കാൻ കഴിയുന്ന ആരോഗ്യ സംവിധാനങ്ങളെ ശക്തിപ്പെടുത്തുക, സർക്കാർ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുക തുടങ്ങിയവയാണ് പുതിയ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
ദുബായിയുടെ വികസനം ലക്ഷ്യമിട്ട് 2017-ൽ ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ദുബായ് 10 എക്സ് സംരംഭം പ്രഖ്യാപിച്ചത്. ഗതാഗതം, വ്യോമയാനം, ബഹിരാകാശം, ഊർജം, സുസ്ഥിരത, അടിസ്ഥാന സൗകര്യ വികസനം, വാണിജ്യം, ധനകാര്യം, ആരോഗ്യം, സുരക്ഷ, പൊതുജന സുരക്ഷ, സമൂഹിക സേവനങ്ങൾ തുടങ്ങിയ മേഖലകളെ അടിസ്ഥാനമാക്കിയുള്ള വികസന ആശയങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്.