ഏകദിന ലോകകപ്പ് മത്സരത്തിന് ശേഷം വിരമിക്കാനൊരുങ്ങി അഫ്ഗാനിസ്ഥാന്റെ യുവ പേസർ നവീൻ ഉൾഹഖ്. ഏകദിന ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കാനാണ് ഈ 24 വയസ്സുകാരന്റെ തീരുമാനം. 2016ൽ അഫ്ഗാനിസ്ഥാനുവേണ്ടി ഏകദിന മത്സരത്തിലാണ് നവീൻ അരങ്ങേറിയത്. എന്നാൽ 2021 ജനുവരിക്കു ശേഷം താരം ഏകദിന ക്രിക്കറ്റ് കളിച്ചിട്ടില്ല. പക്ഷേ ലോകകപ്പിനുള്ള അഫ്ഗാൻ ടീമിൽ താരം ഇടം നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം 50 ഓവർ ക്രിക്കറ്റിലേക്കു മടങ്ങിയെത്താൻ അവസരമുണ്ടായിരുനന്നു. എന്നാൽ കളിക്കേണ്ട എന്നായിരുന്നു നവീന്റെ തീരുമാനം.
അതേസമയം ക്രിക്കറ്റ് ലോകകപ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് നവീൻ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ട്വന്റി20യിൽ അഫ്ഗാന് ജഴ്സിയിൽ ഇനിയും കളിക്കുമെന്നും നവീൻ ഉൾഹഖ് അറിയിച്ചു. ‘എന്റെ രാജ്യത്തെ പ്രതിനിധീകരിക്കുന്നത് വലിയ ആദരവായാണ് കാണുന്നത്. ഇപ്പോൾ ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുകയാണ്. ട്വന്റി20 ക്രിക്കറ്റില്‍ ഇനിയും രാജ്യത്തിന്റെ നീല ജഴ്സി ഞാൻ അണിയും എന്ന് നവീൻ ഉൾഹഖ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ദീർഘമായൊരു കരിയറിനു വേണ്ടിയാണ് ഈ കഠിനമായ തീരുമാനം എടുത്തത്. അഫ്ഗാൻ ക്രിക്കറ്റ് ബോർഡും ആരാധകരും നൽകിയ പിന്തുണയ്ക്കു നന്ദിയുണ്ട് എന്നും നവീൻ പ്രതികരിച്ചു. ഇന്ത്യൻ പ്രീമിയർ ലീഗിൽ ലക്നൗ സൂപ്പർ ജയന്റ്സിന്റെ താരമായിരുന്നു നവീൻ. കഴിഞ്ഞ സീസണിൽ ഇന്ത്യൻ താരം വിരാട് കോലിയുമായി ഗ്രൗണ്ടിൽവച്ച് ഉണ്ടായ തർക്കത്തെ തുടർന്ന് നവീൻ വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
ഏകദിന ലോകകപ്പിനുള്ള അഫ്ഗാനിസ്ഥാൻ ടീം
ഹഷ്മത്തുല്ല ഷാഹിദി, ഇബ്രാഹിം സദ്രാൻ, റഹ്മാനുല്ല ഗുർബാസ്, മുഹമ്മദ് നബി, ഇക്രം അലികിൽ, അസ്മത്തുല്ല ഒമർസായ്, റാഷിദ് ഖാൻ, റഹ്മത് ഷാ, റിയാസ് ഹസൻ, നജീബുല്ല സദ്രാൻ, അബ്ദുൽ റഹ്മാൻ, നൂർ അഹമ്മദ്, മുജീബുര്‍ റഹ്മാൻ, ഫസൽഹഖ് ഫറൂഖി, നവീൻ ഉൾഹഖ്.