വാദി ദൈഖ അണക്കെട്ടിന്റെ ഷട്ടറുകൾ സെപ്റ്റംബർ 27 മുതൽ തുറക്കുമെന്ന് ഒമാൻ കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം അറിയിച്ചു. ഒക്ടോബർ ആറുവരെയാണ് ഡാം തുറന്നിടുക. ഇതിലൂടെ 15 ദശലക്ഷം മെട്രിക് ക്യൂബ് വെള്ളം പുറത്തുവിടും. അറേബ്യൻ ഉപദ്വീപിലെ ഏറ്റവും വലിയ അണക്കെട്ടുകളിലൊന്നാണ് മസ്കത്തിൽനിന്ന് 75 കിലോമീറ്റർ അകലെ ഖുറിയാത്തിൽ സ്ഥിതിചെയ്യുന്ന വാദി ദൈഖ.
അണക്കെട്ടിന് ഒരുകോടി മെട്രിക് ക്യൂബ് സംഭരണശേഷിയും 75 മീറ്റർ ഉയരവുമാണുള്ളത്. ഭൂഗർഭ ജലസംഭരണികൾ, ഹെയ്ൽ അൽ ഗഫ്, ദഘമർ എന്നിവിടങ്ങളിലെ കൃഷിയിടങ്ങളിൽ ജലസേചനം നടത്തുന്നതിന് വേണ്ടിയാണ് ഡാം തുറക്കുന്നതെന്ന് മന്ത്രാലയം വിശദീകരിച്ചു. അപകടങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടി വാദിയിൽ നിന്ന് വിട്ടുനിൽക്കാനും സുരക്ഷ നിർദേശങ്ങൾ പാലിക്കാനും മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.