അരുണാചൽ പ്രദേശിൽ നിന്നുള്ള വുഷു താരങ്ങൾക്ക് ഏഷ്യൻ ഗെയിംസിനുള്ള വിസ നിഷേധിച്ച് ചൈന. വനിതാ താരങ്ങളായ മൻ വാങ്, ഒനിലു ടെഗ, മെപുങ് ലാംഗു എന്നിവർക്കാണ് വിസ ലഭിക്കാതിരുന്നത്. ഗെയിംസിൽ പങ്കെടുക്കുന്നതിനായി സംഘാടകരിൽ നിന്ന് ഇവർക്ക് അക്രഡിറ്റേഷൻ കാർഡുകൾ ലഭിച്ചിരുന്നു. താരങ്ങൾക്ക് യാത്ര നിഷേധിച്ചതിൽ പ്രതിഷേധിച്ച് കേന്ദ്രകായിക മന്ത്രി അനുരാഗ് ഠാക്കൂർ ചൈനയിലേക്കുള്ള യാത്ര റദ്ദാക്കി.
ചൈനയുടെ നടപടിയിൽ പ്രതിഷേധിച്ച് ഡൽഹിയിലും ബെയ്ജിങിലും പ്രതിഷേധം അറിയിക്കുമെന്നും അരുണാചൽ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മുമ്പും സമാനരീതിയിൽ ഇന്ത്യൻ താരങ്ങളോട് ചൈന പെരുമാറിയിരുന്നു. ജൂലൈയിൽ ചൈനയിൽ നടന്ന ലോക യൂണിവേഴ്സിറ്റി ഗെയിംസിൽ പങ്കെടുക്കാനിരിക്കെ വുഷു താരങ്ങളുടെ വിസയ്ക്ക് രാജ്യം അനുമതി നിഷേധിച്ചിരുന്നു. തുടർന്ന് പ്രതിഷേധ സൂചകമായി ഇന്ത്യ മത്സരത്തിൽനിന്ന് പിന്മാറുകയായിരുന്നു.