സംസ്ഥാനത്തിനുള്ള രണ്ടാം വന്ദേ ഭാരത് എക്സ്പ്രസിന്റെ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കി. ട്രെയിൻ 7.30 മണിക്കൂർ കൊണ്ടാണ് തിരുവനന്തപുരത്ത് നിന്ന് കാസർകോട് എത്തിയത്. വ്യാഴാഴ്ച വൈകുന്നേരം 4.05 ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട വന്ദേ ഭാരത് എക്സ്പ്രസ് രാത്രി 11.35 നാണ് കാസർകോട് എത്തിച്ചേർന്നത്. നേരത്തെ നിശ്ചയിച്ചതനുസരിച്ച് ഇന്നാണ് വന്ദേഭാരത് ട്രയൽ റൺ നടത്തേണ്ടിയിരുന്നത്. എന്നാൽ, പെട്ടെന്നുണ്ടായ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ ഇന്നലെ വൈകിട്ട് ട്രയൽ റൺ നടത്താൻ തീരുമാനിക്കുകയായിരുന്നു. ഇന്നു വൈകിട്ട് 3ന് ശേഷം ട്രെയിൻ തിരുവനന്തപുരത്ത് തിരികെയെത്തിയ ശേഷം വീണ്ടും 4.05ന് കാസർകോട്ടേക്കു ട്രയൽ റൺ നടത്തും. നാളെ കാസർകോട് സ്റ്റേഷനിൽ നിർത്തിയിട്ട ശേഷം ഞായറാഴ്ച പ്രധാനമന്ത്രി ഓൺലൈൻ ആയി ഫ്ലാഗ് ഓഫ് ചെയ്ത ശേഷം സർവീസ് ആരംഭിക്കും.
ട്രെയിനിന്റെ സമയക്രമം
കാസർഗോഡ് നിന്ന് ആലപ്പുഴ വഴി തിരുവനന്തപുരത്തേക്കും തിരിച്ചുമാണ് രണ്ടാം വന്ദേ ഭാരത് എക്സ്പ്രസിന്റെ സർവീസ്. രാവിലെ ഏഴ് മണിക്ക് കാസർഗോഡ് നിന്ന് തിരിക്കുന്ന ട്രെയിൻ ഉച്ച കഴിഞ്ഞ് 3:05 ന് തിരുവനന്തപുരത്ത് എത്തും.
വൈകിട്ട് 4:05 ന് തിരുവനന്തപുരത്ത് നിന്ന് തിരിച്ച് രാത്രി 11:55ന് കാസർഗോഡ് എത്തുന്ന നിലയിലാകും സർവീസ്. ആഴ്ചയിൽ 6 ദിവസം സർവീസ് ഉണ്ടാകും. തിരുവനന്തപുരത്തിനും കാസർകോടിനും പുറമെ കൊല്ലം, ആലപ്പുഴ , എറണാകുളം സൗത്ത് , തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടാകും.