ലോകത്തിലെ ഏറ്റവും ശക്തമായ സമ്പദ് വ്യവസ്ഥകളിലൊന്നായി സൗദി അറേബ്യ മാറുമെന്ന് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ. അമേരിക്കൻ ഫോക്സ് ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിജയഗാഥ സൗദി അറേബ്യയുടേതായിരിക്കും എന്നതിൽ സംശയമില്ല. തുടർച്ചയായി രണ്ടുവർഷത്തിനിടെ ജി 20 രാജ്യങ്ങളുടെ ഇടയിൽ ജി.ഡി.പിയിൽ അതിവേഗ വളർച്ച കൈവരിക്കുന്നതിൽ സൗദി അറേബ്യ വിജയിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമേഷ്യൻ മേഖലയും അതിലെ എല്ലാ രാജ്യങ്ങളും സുരക്ഷിതത്വവും സ്ഥിരതയും ആസ്വദിക്കുന്നതിനാണ് സൗദി എപ്പോഴും ആഗ്രഹിക്കുന്നത്. അതുവഴി അവർക്ക് സാമ്പത്തികമായി വികസിക്കാനും മുന്നേറാനും കഴിയുമെന്നും സൽമാൻ രാജാവ് പറഞ്ഞു. മാത്രമല്ല കഴിഞ്ഞ കാലങ്ങളിലും വാർത്തമാന കാലത്തിലും ഭാവിയിലും സുസ്ഥിരതക്കും സമാധാനത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ യമനെ ഏറ്റവും കൂടുതൽ പിന്തുണക്കുന്ന രാജ്യമാണ് സൗദി അറേബ്യ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൗദി അറേബ്യയെ എപ്പോഴും മെച്ചപ്പെടുത്തുകയും വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുകയും ചെയ്യുക എന്നതാണ് സൗദിയുടെ രീതി. രാജ്യത്തിന്റെ പുരോഗതിയുടെ വേഗത ഉയർന്ന നിലയിൽ തന്നെ തുടരും. കൂടാതെ നാല് വർഷത്തിനുശേഷം അടുത്ത വികസന കാഴ്ചപ്പാടായി ‘വിഷൻ 2040’ പദ്ധതി പ്രഖ്യാപിക്കുമെന്നും സൽമാൻ രാജാവ് വ്യക്തമാക്കി. നിലവിലുള്ള നിയമങ്ങൾ പലതും രാജ്യം പരിഷ്കരിക്കാൻ ശ്രമിക്കുകയാണ്. എന്നാൽ ജുഡീഷ്യറിയുടെ പ്രവർത്തനങ്ങളിൽ ഭരണകൂടം ഇടപെടില്ലെന്നും കിരിടാവകാശി സൂചിപ്പിച്ചു.