രാജ്യത്തിന്റെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന സാധാരണക്കാരോടൊപ്പം രാഹുൽ സംവദിക്കുന്ന വീഡിയോകൾ അടുത്തിടെ വൈറലായിരുന്നു. സാധാരണക്കാരുടെ പ്രശ്നങ്ങൾ നേരിട്ട് അറിയാനും തൊഴിലാളികളുമായി ഒന്നായി ഇടപഴകാനുമുള്ള അവസരങ്ങൾ പാഴാക്കാത്ത വ്യക്തിയാണ് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ലോറി ഡ്രൈവർമാർ, മെക്കാനിക്കുകൾ, കർഷകർ, പച്ചക്കറി കച്ചവടക്കാർ എന്നിങ്ങനെ നിരവധി പേരുമായി അദ്ദേഹം നേരിട്ട് സംവദിക്കാറുണ്ട്.
ഇപ്പോഴിതാ അത്തരത്തിലുള്ള മറ്റൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഡൽഹി ആനന്ദ് വിഹാർ ടെർമിനലിൽ ചുമട്ടു തൊഴിലാളികൾക്കൊപ്പം പോര്‍ട്ടറുടെ വേഷത്തിൽ പെട്ടി ചുമക്കുന്ന രാഹുലിന്റെ വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. ചുമട്ടുതൊഴിലാളികളുടെ ചുവന്ന ഷർട്ട് ധരിച്ചുകൊണ്ട് സ്യൂട്ട്കേസുമായി രാഹുൽ ഗാന്ധി നടക്കുന്നത് വീഡിയോയിൽ കാണാം. പെട്ടി ചുമന്ന രാഹുല്‍ പോര്‍ട്ടര്‍മാര്‍ക്കൊപ്പം ഏറെ നേരം സമയം ചെലവഴിച്ചതിന് ശേഷമാണ് മടങ്ങിയത്.
അപ്രതീക്ഷിതമായാണ് രാഹുല്‍ ഗാന്ധി ഐസ്ബിടി റെയില്‍വേ ടെര്‍മിനലില്‍ പോര്‍ട്ടറുടെ വേഷത്തില്‍ എത്തിയത്. ചുമട്ടു തൊഴിലാളികൾക്കൊപ്പമിരുന്ന് രാഹുൽ അവരുടെ പ്രശ്നങ്ങൾ അദ്ദേഹം ചോദിച്ചറിഞ്ഞു. ‘ ഡൽഹിയിലെ ആനന്ദ് വിഹാർ ടെർമിനലിൽ ജോലി ചെയ്യുന്ന കൂലി സഹോദരങ്ങളെ നേരിൽ കണ്ടു. വളരെ കാലമായി എന്റെ മനസ്സിൽ ഈ ആഗ്രഹം ഉണ്ടായിരുന്നു, അവരും എന്നെ വളരെ സ്നേഹത്തോടെ വിളിക്കുകയും എന്നോടൊപ്പം സമയം ചിലവഴിക്കുകയും ചെയ്തു. ഇന്ത്യയിലെ കഠിനാധ്വാനികളായ സഹോദരങ്ങളുടെ ആഗ്രഹം എന്ത് വിലകൊടുത്തും നിറവേറ്റും’ എന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.