32 പകർച്ചവ്യാധി രോഗങ്ങളുടെ ചികിത്സ വിദേശികൾക്കും സൗജന്യമാക്കാൻ ഒരുങ്ങി ഒമാൻ. ചികിത്സ സൗജന്യമാകുന്ന ഇത്തരം രോഗങ്ങളുടെ പട്ടിക ഒമാൻ ആരോഗ്യമന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. ഇത് പ്രകാരം ഡെങ്കിപ്പനി അടക്കമുള്ള സാംക്രമിക രോഗങ്ങൾക്ക് ഇനി മുതൽ വിദേശികൾ പണം നൽകേണ്ടി വരില്ല. പൊതുജനാരോഗ്യത്തിന് ഭീഷണിയായ ഇത്തരം രോഗങ്ങളുടെ ചികിത്സ സൗജന്യമാക്കുന്നത് മൂലം രോഗങ്ങൾ പടരുന്നത് തടയാൻ സാധിക്കുമെന്നാണ് വിലയിരുത്തുന്നത്.
അതേസമയം കുറഞ്ഞ ശമ്പളക്കാരായ പലർക്കും ആശുപത്രികളിൽ നൽകാൻ പണമില്ലാത്തത് മൂലം ചികിത്സ തേടാറില്ല. കോളറ, മഞ്ഞപ്പനി, മലേറിയ, എല്ലാ വിഭാഗത്തിലുംപെട്ട ക്ഷയരോഗം, പ്ളേഗ്, ടെറ്റനസ്, അക്യൂട്ട് ഫ്ലാസിഡ് പാരാലിസിസ്, പേ വിഷബാധ, കുട്ടികളിലെ എയ്ഡ്സ്,ഇൻഫ്ലുവൻസ വൈറസ് മൂലമുണ്ടായ ശക്തമായ അണുബാധ, ഡിഫ്ത്തീരിയ, സാർസ്, കോവിഡ് മൂലം വന്ന കഠിനമായ ശ്വാസകോശ രോഗബാധ, കുഷ്ഠം, മെർസ്, ചിക്കൻപോക്സ്, വസൂരി, അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളിൽ കാണുന്ന വില്ലൻചുമ, എല്ലാ വിഭാഗത്തിലുംപെട്ട പകർച്ചപ്പനി, അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളിൽ കാണുന്ന ന്യൂമോകോക്കസ്, അഞ്ചുവയസ്സിനു താഴെയുള്ള കുട്ടികളിൽ കാണുന്ന സെറിബ്രോസ്പൈനൽ പനി, കരുവൻ, ബ്രുസെല്ല, ഡെങ്കിപ്പനി, മങ്കിപോക്സ്, ട്രക്കോമ,അഞ്ചാം പനി, റൂബെല്ല, ഹെപറ്റൈറ്റിസ് ഇ, ഹെപറ്റൈറ്റിസ് എ തുടങ്ങിയവയാണ് ഈ പട്ടികയിൽ വരുന്ന രോഗങ്ങൾ. കൂടാതെ മറ്റുചില വിഭാഗങ്ങൾക്കും ചികിത്സ സൗജന്യമായിരിക്കും.
സാമൂഹിക സുരക്ഷ പട്ടികയിൽ ഉൾപെട്ട വ്യക്തികൾ, കുടുംബങ്ങൾ, അംഗവൈകല്യം രജിസ്റ്റർ ചെയ്ത സ്വദേശികൾ, സാമൂഹിക സുരക്ഷാ മന്ത്രാലയത്തിന്റെ കീഴിൽ കഴിയുന്ന അനാഥകൾ, രണ്ടു വയസ്സിനു താഴെയുള്ള കുട്ടികൾ, സ്വദേശി ഗർഭിണികൾ തുടങ്ങിയവരും ഫീസളവിന്റെ പരിധിയിൽ വരും. കൂടാതെ സ്വദേശികളായ ഹൃദ്രോഗികൾ, തടവുകാരുടെ കുടുംബങ്ങൾ,കാൻസർ രോഗികൾ, സ്കൗട്ട്സ്, ഗൈസ്സ് എന്നിവരും ഫീസിളവിൽ ഉൾപ്പെടും.