ഇറാനിലുണ്ടാകുന്ന ഭൂചലനങ്ങളുടെ പേരില്‍ പരിഭ്രാന്തിവേണ്ടെന്ന് യുഎഇ ദേശീയ ഭൗമ പഠന കേന്ദ്രം. യുഎഇ നിവാസികൾ ഭയപ്പെടേണ്ടതില്ലെന്നും യുഎഇയിലെ കെട്ടിടങ്ങൾ ഭൂകമ്പ പ്രതിരോധ മാനദണ്ഡങ്ങൾ അനുസരിച്ച് നിര്‍മ്മിച്ചതാണെന്നും ഭൗമ പഠന കേന്ദ്രം സുനാമി മുന്നറിയപ്പ് വിഭാഗം മേധാവി ഖലീഫ അലൈബ്രി വ്യക്തമാക്കി.
ആഗോള തലത്തില്‍ അംഗീകരക്കപ്പെട്ട ഭൂകമ്പ പ്രതിരോധ മാര്‍ഗങ്ങൾ അനുസരിച്ചാണ് യുഎഇയിലെ കെട്ടിട നിര്‍മ്മാണങ്ങൾ. ഭൂകമ്പ പ്രതിരോധ കോഡുകൾ അനുസരിക്കാത്ത കെട്ടിട നിര്‍മ്മിതികൾക്ക് യുഎഇ അനുമതി നല്‍കാറില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭൂചലനങ്ങൾക്ക് പ്രത്യേക സമയമൊ സീസണൊ ഇല്ല. ഭൂകമ്പങ്ങൾ എപ്പോൾ ഉണ്ടാകുമെന്നത് കണ്ടെത്തുന്ന നിലയിലേക്ക് സാങ്കേതിക മുന്നേറ്റം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തെക്കന്‍ ഇറാന്‍ ഭൂകമ്പ സാധ്യതാ മേഖലയാണ്. ഇറാനിലെ സാഗ്രോസ് പര്‍വ്വത ഭാഗത്ത് അറേബ്യന്‍ ഭൂഫലകവും യുറേഷ്യന്‍ ഭൂഫകലവും കൂട്ടിയിടിക്കുന്നത് കൊണ്ടാണ് തുടര്‍ ചലനങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഇറാനിലുണ്ടായ ഭൂചലത്തിന്‍റെ തീവ്രത 6.5 ആയിരുന്നു. ഭൂചലനത്തിന്‍റെ പ്രകമ്പനം യുഎഇയിലെ ജനവാസ കേന്ദ്രങ്ങളിലും അനുഭവപ്പെട്ടത് പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു.