ഉമ്മൻ ചാണ്ടിയോട് കേരള കോൺഗ്രസി (ബി)ന് രാഷ്ട്രീയ വിരോധമുണ്ട് എന്നത് ശരി തന്നെ, എന്നാൽ ആർ. ബാലകൃഷ്ണ പിള്ളയ്ക്കോ മകനായ തനിക്കോ അദ്ദേഹത്തോട് വ്യക്തി വിരോധമില്ലെന്ന് ഗണേഷ് കുമാർ എംഎൽഎ നിയമ സഭയിൽ പറഞ്ഞു. സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടന്നു എന്ന റിപ്പോർട്ടില്‍ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ ചർച്ചയിൽ നിയമസഭയിൽ സംസാരിക്കുകയായിരുന്നു ഗണേഷ് കുമാർ.
2013 മുതൽ ഇപ്പോൾ വരെ സോളർ കേസിലെ പരാതിക്കാരിയോ അവരുമായി ബന്ധപ്പെട്ടവരോ സമീപിച്ചിട്ടില്ല. മാത്രമല്ല, അങ്ങനെയല്ല എന്നു തെളിയിക്കാൻ ഏത് സിബിഐയെയും വേണമെങ്കിലും വെല്ലുവിളിക്കുന്നു. ഗണേഷ് കുമാറിനു വളഞ്ഞവഴിയിലൂടെ സഞ്ചരിക്കേണ്ട കാര്യമില്ല.മുഖത്തുനോക്കി പറയും, മുഖത്തു നോക്കി ചെയ്യും. സ്വകാര്യ ജീവിതത്തിൽ പോലും വളഞ്ഞവഴിയിലൂടെ ഒരു കാര്യം പോലും ഇതുവരെ ചെയ്തിട്ടില്ല. രാഷ്ട്രീയം മതിയാക്കി വീട്ടിലിരിക്കേണ്ടി വന്നാലും അഭയം തന്ന എൽഡിഎഫിനെ വഞ്ചിക്കില്ലെന്നും ഗണേഷ് കുമാർ സഭയിൽ കൂട്ടിച്ചേർത്തു.
ഗണേഷ് കുമാറിന്റെ വാക്കുകൾ
2013 ഏപ്രിൽ മാസം ഒന്നാം തീയതിയാണ് യുഡിഎഫ് സർക്കാരിൽ നിന്ന് ഞാൻ രാജിവച്ചത്. വ്യക്തിപരമായ ചില കാര്യങ്ങളുടെ പേരിലായിരുന്നു രാജി. കപടസദാചാരം അഭിനയിച്ചു കേരള രാഷ്ട്രീയത്തിൽ നിൽക്കുന്ന ആളല്ല ഞാൻ. അതുകൊണ്ട് തന്നെ അഞ്ച് തിരഞ്ഞെടുപ്പിൽ ഞാൻ വിജയിച്ചു. 2013ൽ രാജിവച്ചു പുറത്തു വരുമ്പോൾ ശ്രദ്ധയിൽപ്പെട്ട ചില അഴിമതികൾ നിയമസഭയിലായിരുന്നു അവതരിപ്പിച്ചത്. അതിന്റെ പേരിൽ യുഡിഎഫുമായി ഇടയുകയും കേരള കോൺഗ്രസ് യുഡിഎഫിൽ നിന്നു പോവുകയും ചെയ്തു.
വളരെ നാളുകള്‍ക്കു ശേഷമാണ് എൽഡിഎഫിന്റെ ഭാഗമാകുന്നത്. അതേസമയം സോളാർ പ്രശ്നം നടക്കുന്ന സമയത്ത് കോൺഗ്രസിന്റെ പ്രമുഖരായ പല നേതാക്കളും സഹായം അഭ്യർഥിച്ച് എന്റെ പിതാവുമായി ബന്ധപ്പെട്ടിട്ടുണ്ട്. എന്നാൽ മനോജ് എന്നു പറയുന്ന ആളോട് എന്നെ രക്ഷിക്കാൻ ഞാൻ പറഞ്ഞെന്നു ഷംസുദീൻ ഇവിടെ പറയുകയുണ്ടായി. മനോജ് എന്റെ ബന്ധുവാണ്. 2013 മുതൽ 2023 ഈ ദിവസം വരെ പരാതിക്കാരിയോ അവരുമായി അടുപ്പമുള്ളവരോ എന്നെ ബന്ധപ്പെട്ടിട്ടില്ല. അങ്ങനല്ലെന്ന് തെളിയിക്കാൻ ഏത് സിബിഐയെയും ഞാൻ വെല്ലുവിളിക്കുന്നുവെന്ന് ഗണേഷ് കുമാർ പറഞ്ഞു.
വളഞ്ഞവഴിയിലൂടെ കാര്യം സാധിക്കേണ്ടതോ സഞ്ചരിക്കേണ്ടതോ ആയ ആവശ്യമില്ല. പറയേണ്ടത് മുഖത്തുനോക്കി പറയുകയും ചെയ്യുകയും ചെയ്യും. സ്വകാര്യ ജീവിതത്തിൽ പോലും വളഞ്ഞവഴിയിലൂടെ ഒരു കാര്യം ചെയ്തിട്ടില്ല. എനിക്ക് എന്റെ ഭാര്യയെയും മക്കളെയും ബോധ്യപ്പെടുത്തിയാൽ മതി. രാഷ്ട്രീയം മതിയാക്കി വീട്ടിലിരിക്കേണ്ടി വന്നാലും അഭയം തന്ന എൽഡിഎഫിനെ വഞ്ചിക്കുന്ന പ്രശ്നം മരിച്ചാലുമില്ല. നാട്ടുകാരും ജനങ്ങളും കൂടെയുണ്ട്. ഏത് അന്വേഷണം വന്നാലും എന്റെ സത്യം തെളിയിക്കപ്പെടുമെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.