ഇ-കോമേഴ്‌സ് മേഖലയിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ച് ഒമാൻ. ഇതുമായി ബന്ധപ്പെട്ട് ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആന്റ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ ഔദ്യോഗിക ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്. രാജ്യത്തെ ഇ-കോമേഴ്‌സ് മേഖലയെ ശക്തിപ്പെടുത്തുകയും ഈ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്തുകയും ഇടപാടുകൾ നിയന്ത്രിക്കുകയും ചെയ്യുന്നതിലൂടെ തട്ടിപ്പുകൾ തടയുകയുമാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
ഇതിന്റെ ഭാഗമായി ഒമാനിലെ ഇ-കോമേഴ്‌സ് മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ലൈസൻസ് നിർബന്ധമാക്കി. ഇതിനായുള്ള അപേക്ഷ മന്ത്രാലയത്തിൽ ഓൺലൈനിലൂടെ സമർപ്പിക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്. കൂടാതെ ഇ-കോമേഴ്‌സ് മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾ ഉൾപ്പെടെയുള്ള വാണിജ്യ സ്ഥാപനങ്ങൾക്ക് കൊമേർഷ്യൽ റെജിസ്ട്രേഷനും നിർബന്ധമാണെന്നും മന്ത്രാലയം അറിയിച്ചു.