സാമൂഹിക നീതിയിൽ അധിഷ്ഠിതമായ പ്രവർത്തനങ്ങൾക്ക് നൽകി വരുന്ന മദർ തെരേസ മെമ്മോറിയൽ പുരസ്കാരം യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്. സുസ്ഥിര വികസനം ഉറപ്പാക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനും ശൈഖ് മുഹമ്മദ് നടപ്പാക്കിയ പദ്ധതികൾ മാനിച്ചാണ് പുരസ്കാരം.
അബൂദബിയിലെ മനാറത്ത് അൽ സാദിയാത്തിൽ നടന്ന പുരസ്കാര വിതരണ ചടങ്ങിൽ ദുബായ്
സ്പോർട്സ് ചെയർമാൻ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ദുബായ് ഭരണാധികാരിക്കു വേണ്ടി പുരസ്കാരം ഏറ്റുവാങ്ങി. സഹിഷ്ണുത – സഹവർത്തിത്വ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ പുരസ്കാരം സമ്മാനിച്ചു.
ചടങ്ങിൽ ജനറൽ വുമൺസ് യൂണിയൻ ചെയർ വുമൺ ശൈഖ ഫാത്തിമ ബിൻത് മുബാറക് അധ്യക്ഷയായി.
അബുദാബി ക്രൗൺ പ്രിൻസ് കോർട്ട് ചെയർമാൻ ഷെയ്ഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ചടങ്ങിൽ പങ്കെടുത്തു. ഷെയ്ഖ് ഒമർ ബിൻ അബ്ദുൾ അസീസ് ബിൻ അലി അൽ നുഐമി, അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമി, മാതൃത്വത്തിനും ബാല്യത്തിനും വേണ്ടിയുള്ള സുപ്രീം കൗൺസിൽ സെക്രട്ടറി ജനറൽ റീം അബ്ദുല്ല അൽ ഫലാസി തുടങ്ങിയവരും പങ്കെടുത്തു.
മുംബൈ ആസ്ഥാനമായുള്ള ഹാർമണി ഫൗണ്ടേഷനാണ് മദർ തെരേസ പുരസ്കാരം ഏർപ്പെടുത്തിയത്. സമാധാനം, സാമൂഹികനീതി, സമത്വം എന്നിവ പ്രോത്സാഹിപ്പിക്കുന്ന വ്യക്തികളെയും സംഘടനകളെയുമാണ് പുരസ്കാരത്തിന് പരിഗണിക്കുക.
2005 മുതൽ ആഗോളതലത്തിലെ പ്രമുഖർക്ക് പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ടെന്ന് ഹാർമണി ഫൗണ്ടേഷൻ ചെയർമാൻ ഡോ.എബ്രഹാം മത്തായി പറഞ്ഞു. ആദ്യമായാണ് പുരസ്കാര വിതരണം യുഎ ഇയിൽ സംഘടിപ്പിക്കുന്നത്.