സിംബാബ്വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് അന്തരിച്ചു. അർബുദബാധിതനായി ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഭാര്യ നാദിൻ സ്ട്രീക്കാണ് താരത്തിന്റെ മരണവിവരം സ്ഥിരീകരിച്ചത്. സിംബാബ്വെ ക്രിക്കറ്റിന്റെ സുവർണകാലത്ത് ടീമിന്റെ നെടുന്തൂണായിരുന്ന സ്ട്രീക്ക് സിംബാബ്വെയിൽ ഏറ്റവും ആഘോഷിക്കപ്പെട്ട കായിക താരം കൂടിയാണ്. 1993ൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ അദ്ദേഹം 2005ലാണ് വിരമിച്ചത്.
സിംബാബ്വെയ്ക്കായി 65 ടെസ്റ്റ് മത്സരങ്ങളും 189 ഏകദിനങ്ങളും താരം കളിച്ചു. വിവിധ മത്സരങ്ങളിൽ നിന്നായി 4,933 റൺസും 455 വിക്കറ്റുകളും സ്വന്തമാക്കി. രാജ്യാന്തര ക്രിക്കറ്റിൽ സിംബാബ്വെയ്ക്കായി കൂടുതൽ വിക്കറ്റ് നേടിയതിന്റെ റെക്കോർഡും സ്ട്രീക്കിന് സ്വന്തമാണ്. വിരമിച്ചതിന് ശേഷം പരിശീലക വേഷത്തിലും സജീവമായിരുന്ന അദ്ദഹം ആഭ്യന്തര, രാജ്യാന്തര തലങ്ങളിലായി ഒട്ടേറെ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ബോളിങ് പരിശീലകനായിരുന്നു. കൂടാതെ ബംഗ്ലാദേശ്, സിംബാബ്വെ ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം താരം മരിച്ചെന്ന വ്യാജ വാർത്ത ലോകം മുഴുവൻ പരന്നിരുന്നു. എന്നാൽ താൻ ജീവനോടെയുണ്ടെന്ന് വ്യക്തമാക്കിയ സ്ട്രീക്ക് വ്യാജ വാർത്തയിൽ വളരെയധികം ദു:ഖിതനാണെന്നും തുറന്നുപറഞ്ഞിരുന്നു.