ബോക്സോഫീസിൽ വിജയ ഭേരി മുഴക്കുന്നത് തുടരുകയാണ് രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ജയിലർ. കളക്ഷനിൽ ആഗോളതലത്തിൽ 600 കോടി എന്ന മാന്ത്രിക സംഖ്യയിലേക്ക് കുതിക്കുകയാണ് ചിത്രമിപ്പോൾ. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ കഴിഞ്ഞ ദിവസം ജയിലറിന്റെ നിർമാതാവ് കലാനിധി മാരൻ രജിനികാന്തിനെ അദ്ദേഹത്തിന്റെ ചെന്നൈ പോയസ് ഗാർഡനിലുള്ള വസതിയിലെത്തി സന്ദർശിച്ചിരുന്നു.
110 കോടി രൂപയാണ് രജനീകാന്തിന് പ്രതിഫലമായി നല‍്കിയതെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതിന് പുറമേ ചിത്രത്തിന്റെ വിജയത്തിന്റെ ഭാഗമായി ഒരു സംഖ്യയുടെ ചെക്കും കലാനിധി മാരൻ താരത്തിന് കൈമാറിചിരിക്കുന്നത്. എന്നാൽ ലാഭ വിഹിതമെന്നോണം നൽകിയ തുക എത്രയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. അതേസമയം കലാനിധി മാരൻ താരത്തിന് നൽകിയത് 100 കോടി രൂപയാണെന്ന അഭ്യൂഹവും ശക്തമാകുന്നുണ്ട്. ഇതിന് പുറമേ ഒരു ബിഎംഡബ്ല്യൂ കാറും കലാനിധി മാരൻ രജനികാന്തിന് നൽകിയിരുന്നു.
അതേസമയം വിജയാഘോഷത്തിന്റെ ഭാഗമായി രജനികാന്തിന് പിന്നാലെ ജയിലറിന്റെ സംവിധായകനായ നെൽസനും നിർമാതാവ് ചെക്ക് നൽകിയിരിക്കുകയാണിപ്പോൾ. സൺ പിക്ചേഴ്സിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയാ പേജിലൂടെയാണ് ചെക്ക് കെെമാറുന്ന ചിത്രം പുറത്തുവിട്ടത്. എന്നാൽ എത്ര രൂപയുടെ ചെക്കാണ് നൽകിയതെന്ന് വ്യക്തമല്ല.