ഇസ്രയേൽ താരത്തിന് കൈ കൊടുത്തതിനേത്തുടർന്ന് ഇറാൻ വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യന് ആജീവനാന്ത വിലക്കേർപ്പെടുത്തി. വെയ്റ്റ് ലിഫ്റ്റിങ് താരമായ മൊസ്തഫ രാജായിയ്ക്കാണ് ഇറാൻ വെയ്റ്റ് ലിഫ്റ്റിങ് ഫെഡറേഷൻ വിലക്കേർപ്പെടുത്തിയത്. ഇറാനും ഇസ്രയേലും തമ്മിലുള്ള ആഭ്യന്തര പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് വിലക്ക്.
പോളണ്ടിൽനടന്ന വേൾഡ് മാസ്റ്റർ വെയ്റ്റ്ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിനിടെയായിരുന്നു സംഭവം. മത്സരത്തിനിടെ ഇസ്രായേൽ താരമായ മാക്സിം സ്വിർസ്കിയ്ക്കാണ് മൊസ്തഫ ഹസ്തദാനം നൽകി സന്തോഷം പങ്കിട്ടത്. മത്സരത്തിൽ മൊസ്തഫ വെള്ളി മെഡൽ നേടിയിരുന്നു. ഈ സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് താരത്തിനെതിരേ കടുത്ത നടപടിയുമായി ഫെഡറേഷൻ രംഗത്തെത്തിയത്. ഒരിക്കലും അംഗീകരിക്കാനാവാത്ത കാര്യമാണിതെന്നും മാപ്പ് നൽകാനാവാത്ത തെറ്റാണ് മൊസ്തഫയുടെ ഭാഗത്തുനിന്നുണ്ടായതെന്നും ഫെഡറേഷൻ വ്യക്തമാക്കി.
എന്നാൽ സംഭവത്തിൽ മൊസ്തഫയെ പിന്തുണച്ച് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തുന്നത്. കളിക്കളത്തിൽ വൈരാഗ്യമല്ല സൗഹൃദമാണ് വേണ്ടതെന്നും മൊസ്തഫയുടെ ഭാഗത്ത് തെറ്റില്ലെന്നുമാണ് ജനങ്ങൾ അഭിപ്രായപ്പെടുന്നത്.