സൂറിച്ച് ഡയമണ്ട് ലീഗിൽ ജാവലിൻ ത്രോയിൽ രണ്ടാം സ്ഥാനം സ്വന്തമാക്കി ഇന്ത്യയുടെ ഒളിമ്പിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര. 85.71 മീറ്റർ ദൂരം കണ്ടെത്തിയാണ് നീരജ് രണ്ടാം സ്ഥാനത്തെത്തിയത്. ഇതോടെ ഡയമണ്ട് ലീഗ് ഫൈനലിൽ യോഗ്യത നേടിയിരിക്കുകയാണ് താരം. 85.86 മീറ്റർ ദൂരം കണ്ടെത്തി ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാദ്ലെയാണ് ഒന്നാം സ്ഥാനം നേടിയത്.
ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ മിന്നും പ്രകടനം ഡയമണ്ട് ലീഡിൽ കാഴ്ചവെക്കാൻ നീരജിന് സാധിച്ചില്ല. ആദ്യ ശ്രമത്തിൽ 80.79 മീറ്റർ എറിഞ്ഞ നീരജിന്റെ പിന്നീടുള്ള രണ്ട് ശ്രമങ്ങളും ഫൗളായിരുന്നു. നാലാം ശ്രമത്തിൽ ദൂരം 85.22 ആയി ഉയർന്നു. അവസാന ശ്രമത്തിലാണ് 85.71 മീറ്റർ ദൂരം താരം കണ്ടെത്തിയത്. 89.94 ആണ് താരത്തിന്റെ മികച്ച ദൂരം. 14 എഡിഷനുകളാണ് ഡയമണ്ട് ലീഗിനുള്ളത്. വിവിധ എഡിഷനുകളിലായി കൂടുതൽ പോയന്റ് നേടുന്ന എട്ട് താരങ്ങളാണ് ഫൈനൽസിൽ മത്സരിക്കുക.
ലോങ് ജംപിൽ മലയാളി താരം മുരളി ശ്രീശങ്കർ അഞ്ചാം സ്ഥാനം നേടി. 7.99 മീറ്റർ ദൂരമാണ് ശ്രീശങ്കർ കണ്ടെത്തിയത്. ഒരു ഘട്ടത്തിൽ മൂന്നാം സ്ഥാനം നിലനിർത്തിയ താരം അവസാന ഘട്ടത്തിലാണ് അഞ്ചാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ടത്. 8.20 മീറ്റർ ദൂരം കണ്ടെത്തി ഗ്രീസിന്റെ ടെന്റൊഗ്ലു മിൽടിയാഡിസ് ഈ ഇനത്തിൽ ഒന്നാം സ്ഥാനം നേടിയത്.