ഖത്തറില്‍ നടക്കുന്ന ഫിഫ 2022 ലോകകപ്പിനുള്ള അടുത്ത ടിക്കറ്റ് വില്പന ജൂലൈ അഞ്ചിന് ആരംഭിക്കും. ഖത്തര്‍ സമയം ഉച്ചക്ക് 12 മണിക്ക് ആരംഭിക്കുന്ന ടിക്കറ്റ് വില്‍പ്പന ആഗസ്ത് 16 ഉച്ചക്ക് 12 മണി വരെ നീണ്ടു നില്‍ക്കുമെന്ന് ഫിഫ അറിയിച്ചു. ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് ആദ്യം എന്ന രീതിയിലാണ് ടിക്കറ്റ് വില്‍പ്പനയെന്നും ഇക്കുറി നറുക്കെടുപ്പ് രീതി അല്ലെന്നും ഫിഫ വ്യക്തമാക്കി. ഔദ്യോഗിക ചാനലായ FIFA.com/tickets വഴിയാണ് ടിക്കറ്റ് വില്‍പ്പന.
ഇതിനകം 18 ലക്ഷം ടിക്കറ്റുകൾ വിവിധ ഘട്ടങ്ങളിലായി വില്‍പ്പന നടത്തിക്കഴിഞ്ഞു. കിക്കോഫിന് നാലുമാസം മാത്രം ശേഷിക്കെ ടിക്കറ്റിനായി കാല്‍പന്തുപ്രേമികളുടെ തിരക്കേറുമെന്നാണ് കണക്കുകൂട്ടല്‍. പണം അടച്ചാല്‍ കാത്തിരിപ്പില്ലാതെ ഉടന്‍തന്നെ ടിക്കറ്റുകൾ സ്വന്തമാക്കാമെന്നും പ്രത്യേകം ക്രമീകരിച്ച മാനേജ്മെന്റ് സിസ്റ്റത്തിലൂടെയായിരിക്കും ടിക്കറ്റ് വില്‍പ്പനയെന്നും സംഘാടകര്‍ അറിയിച്ചു.
ഇക്കുറി 32 ടീമുകളാണ് ലോകക്കപ്പിന് യോഗ്യത നേടിയിട്ടുളളത്. കൂടുതല്‍ ആരാധകരുള്ള കാനഡ, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ജര്‍മ്മനി, ഇന്ത്യ, സൗദി, സ്പെയിന്, യുഎഇ, തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ആരാധകര്‍ ഖത്തറിലേക്ക് ഒഴുകിയെത്തുമെന്നും സംഘാടകര്‍ കരുതുന്നു. ഒരാള്‍ക്ക് ഒരു മത്സരത്തിന്റെ ആറ് ടിക്കറ്റുകള്‍ വരെ സ്വന്തമാക്കാന്‍ അവസരമുണ്ട്. ടൂര്‍ണമെന്റിന്റെ ആദ്യാവസാനംവരെ ഒരാൾക്ക് 60 ടിക്കറ്റുകൾ വാങ്ങാനാകും.