യുഎഇയിൽ നിന്ന് കേരളത്തിലേക്കുളള സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്സ്. നവംബർ മുതൽ കൊച്ചിയിലേക്ക് 8 അധിക സർവീസ് കൂടി പ്രഖ്യാപിച്ചു. 2024 ജനുവരി 1 മുതൽ തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കും പ്രതിദിന സർവീസുകൾ പുനരാരംഭിക്കുമെന്നും കമ്പനി അറിയിച്ചു.
അബുദാബി – കൊച്ചി സെക്ടറിലാണ് കൂടുതൽ സർവ്വീസുകൾ. എട്ട് അധിക സർവീസ് കൂടി എത്തുന്നതോടെ ആഴ്ചയിൽ 21 സർവീസ് ആയി ഉയരും. ശൈത്യകാല ഷെഡ്യൂൾ അനുസരിച്ച് സെപ്റ്റംബർ 15 മുതൽ ചെന്നൈയിലേക്ക് ഏഴ് അധിക സർവീസുകളും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ തിരുവനന്തപുരത്തേക്കുള്ള വിമാനം പുലർച്ചെ 2.20നും കോഴിക്കോട് സർവീസ് ഉച്ചയ്ക്ക് 1.40നുമാണ് പുറപ്പെടുകയെന്നും ഇത്തിഹാദ് വ്യക്തമാക്കി.
കോവിഡ് കാലത്ത് നിർത്തിവച്ച സെക്ടറുകളിലേക്കും സർവ്വീസുകൾ പുനരാരംഭിക്കുന്നുണ്ട്. നിലവിൽ അബുദാബിയിൽനിന്ന് പ്രവർത്തിക്കുന്ന എയർ അറേബ്യ ബജറ്റ് സർവീസുകൾക്കൊപ്പം ഇത്തിഹാദ് കൂടി സർവ്വീസ് വ്യാപിപ്പിക്കുന്നതോടെ ഈ സെക്ടറിൽ ടിക്കറ്റ് നിരക്കു കുറയുമെന്നാണ് നിഗമനം.
ഇന്ത്യക്ക് പുറമെ മറ്റ് രാജ്യങ്ങളിലേക്കും പുതിയ സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. വിവധ രാജ്യങ്ങളിലേക്ക് കണക്‌ഷൻ വിമാന യാത്രകളുടെ സാധ്യതയും ഇതോടെ ഉയരുമെന്ന് ഇത്തിഹാദ് എയർവേസ് അറിയിച്ചു.