ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ബിഗ് സ്ക്രീൻ താരങ്ങളാണ് ഷാറൂഖ് ഖാനും അമിതാഭ് ബച്ചനും. പതിനേഴ് വർഷങ്ങൾക്ക് ശേഷം താരങ്ങൾ വീണ്ടും ഒന്നിക്കുകയാണ് എന്ന വർത്തയാണ് ഇപ്പോൾ വൈറലാവുന്നത്. ഉടൻ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോർട്ട്
കരൺ ജോഹർ ചിത്രമായ ‘കഭി ഖുഷി കഭി ഗം’, ‘കഭി അൽവിദ നാ കെഹ്ന’, ‘മൊഹബത്തേൻ’ എന്നീ ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുള്ളത്. കൂടാതെ ആലിയ ഭട്ട്, രൺബീർ കപൂർ, അമിതാഭ് ബച്ചൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി അയാൻ മുഖർജി സംവിധാനം ചെയ്ത ബ്രഹ്മാസ്ത്രയുടെ ഒന്നാം ഭാഗത്തിലും ഷാറൂഖ് ഖാൻ അതിഥി വേഷത്തിൽ എത്തിയിരുന്നു. എന്നാൽ ബച്ചനുമായി കോമ്പിനേഷൻ രംഗങ്ങൾ ഉണ്ടായിരുന്നില്ല.
ഡുങ്കി, ജവാൻ എന്നീ ചിത്രങ്ങളാണ് ഇനി ഷാ റൂഖിന്റേതായി പുറത്തു വരാനുള്ളത്. സെപ്റ്റംബർ 17 നാണ് ജവാൻ തിയറ്ററുകളിൽ റിലീസ് ചെയ്യുക. കല്കി 2898 എഡിയാണ് ഇനി പുറത്തിറങ്ങാനുള്ള അമിതാഭ് ബച്ചന്റെ ചിത്രം. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ദീപിക പദുക്കോൺ, കമലഹാസൻ, പ്രഭാസ്, ദിഷാ പഠാനി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.