ഇന്ത്യയിലെ ഡയമണ്ട് കട്ട് ഫിലിം ഫെസ്റ്റിവലിൽ ഒമാനി ഡോക്യുമെന്ററി ഫിലിം ‘അൽ സീജി’ന് പുരസ്കാരം. മികച്ച നടൻ, മികച്ച ഷോ, മികച്ച ഛായാഗ്രഹണം, എന്നീ കാറ്റഗറിയിലുള്ള മൂന്ന് അവാർഡുകളാണ് ചിത്രം നേടിയത്. ഒമാനി ഫിലിം സൊസൈറ്റിയാണ് ചിത്രത്തിന്റെ നിർമാണം. ഒമാനിലെ റെഡ് ഷുഗർ കൃഷിയെ കുറിച്ചും അതിന്റെ നിർമാണവുമായുള്ള ബന്ധത്തെയും അവലോകനം ചെയ്യുന്നതാണ് ഡോക്യുമെൻററിയുടെ ഉള്ളടക്കം.
അതേസമയം തൊഴിലിന്റെ മാനുഷികവും സാമ്പത്തികവും സാമൂഹികവുമായ വശങ്ങളെ സിനിമ വിവരിക്കുന്നുണ്ടെന്ന് ജൂറി പറഞ്ഞു. നിസ്വ, അൽഹംറ, ബഹ്ല, മാന എന്നിവയുൾപ്പെടെ ഒമാനിലെ നിരവധി വിലായത്തുകളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ഡയമണ്ട് ഫിലിം കട്ട് ഫെസ്റ്റിവൽ കൂടാതെ വിവിധ അറബ്, അന്തർദേശീയ ഫെസ്റ്റിവലുകളിലും ഈ ചിത്രം നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. മാത്രമല്ല നിരവധി അന്താരാഷ്ട്ര, പ്രാദേശിക ഫെസ്റ്റിവലുകളിലും ഇവന്റുകളിലും പങ്കെടുക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട്.