സ്വർണക്കടത്ത് വിഷയത്തിൽ അടിയന്തര പ്രമേയം അവതരിപ്പിച്ചപ്പോൾ മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയ വിശദീകരണം തൊണ്ടതൊടാതെ വിഴുങ്ങാന്‍ കഴിയില്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. ആരോപണങ്ങള്‍ക്ക് മറുപടി നൽകാതെ മുഖ്യമന്ത്രി തെന്നിമാറുകയാണ്. സ്വപ്നയുടെ രഹസ്യമൊഴി കളവാണെങ്കിൽ എന്തുകൊണ്ട് നിയമ നടപടി സ്വീകരിക്കുന്നില്ല. മുഖ്യമന്ത്രി മറുപടി നൽകാൻ മടിക്കുന്നതിൽ ദുരൂഹതയുണ്ടെന്നും കെ സുധാകരന്‍ എം പി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ബാഗേജ് വിഷയത്തിൽ പരസ്പരവിരുദ്ധമായാണ് ശിവശങ്കറും മുഖ്യമന്ത്രിയും സംസാരിക്കുന്നത്. മറന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോൾ കോൺസുൽ ജനറലിന്‍റെ സഹായത്തോടെയാണ് ബാഗ് എത്തിച്ചതെന്ന് ശിവശങ്കറിന്റെ മൊഴിയിലുണ്ട്. സ്വപ്ന സുരേഷ് ആരോപിക്കുന്നത് ബാഗില്‍ കറന്‍സി നോട്ടുകൾ ആയിരുന്നുവെന്നുമാണ്. ആരാണ് കള്ളം പറയുന്നതെന്ന് അന്വേഷിച്ച് കണ്ടെത്തേണ്ടതുണ്ടെന്നും കെ സുധാകരന്‍ വ്യക്തമാക്കുന്നു.
രഹസ്യമൊഴി കളവെന്ന് പറയുന്ന മുഖ്യമന്ത്രി സ്വപ്നക്കെതിരെ നടപടി സ്വീകരിക്കാത്തത് വിചിത്രവും അത്രയങ്ങ് ദഹിക്കാത്തതുമായ കാര്യമാണ്.
നുണകള്‍കൊണ്ട് പ്രതിരോധ കോട്ട തീര്‍ക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. സ്വപ്നയുടെ രഹസ്യമൊഴി മാറ്റാന്‍ ശ്രമിച്ച ഇടനിലക്കാരന്‍ ഷാജ് കിരൺ എന്നത് കെട്ടുക്കഥയാണെങ്കില്‍ വിജിലന്‍സിന്‍റെ അതീവ രഹസ്യനീക്കങ്ങള്‍ എങ്ങനെയാണ് അയാൾ മനസിലാക്കിയെന്നത് കേരളീയ സമുഹത്തോട് പറയാനുള്ള ബാധ്യത ആഭ്യന്തരവകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രിക്കുണ്ടെന്നും കെ സുധാകരൻ പറഞ്ഞു.