മഹാരാഷ്ട്രയിൽ നാളെ വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ മുഖ്യമന്ത്രി സ്ഥാനം ഉദ്ധവ് താക്കറെ രാജിവെച്ചു. ഏറെ ദിവസങ്ങൾ നീണ്ട മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിക്കൊടുവിലാണ് രാജി. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു രാജി പ്രഖ്യാപനം. എംഎൽസി അംഗത്വവും ഉദ്ധവ് രാജിവച്ചു.
‘അധികാരത്തിൽ കടിച്ചുതൂങ്ങില്ല. സഭയിലെ അംഗബലമല്ല വിഷയം. ഒരു ശിവസേനക്കാരൻ പോലും എതിരാവുന്നത് സഹിക്കാനാവില്ല. നിലകൊണ്ടത് മറാത്തികൾക്കും ഹിന്ദുക്കൾക്കും വേണ്ടിയാണ്, ഒപ്പം നിന്നവർക്കെല്ലാം നന്ദി. ബാലാസാഹിബിന്റെ മകനെ വീഴ്ത്തിയെന്ന് നിങ്ങൾക്ക് ആഘോഷിക്കാം. ഉദ്ധവ് താക്കറെയുടെ പ്രതികരണം വൈകാരികമായിരുന്നു. സോണിയ ഗാന്ധിക്കും ശരദ് പവാറിനും അദ്ദേഹം നന്ദി പറഞ്ഞു.
താക്കറെ കുടുംബത്തിൽ നിന്ന് സർക്കാരിനെ നയിക്കുന്ന ആദ്യ നേതാവാണ് ഉദ്ധവ് താക്കറെ. ഉദ്ധവിന്റെ രാജിയോടെ ശിവസേന-കോൺഗ്രസ്-എൻസിപി സഖ്യമായ മഹാവികാസ് അഘാഡി സഖ്യസർക്കാരാണ് നിലംപൊത്തിയത്. ബദൽ സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങളുമായി ബിജെപി മുന്നിൽ തന്നെയുണ്ട്. എംഎൽഎമാരുമായി ചർച്ച നടത്തി ദേവേന്ദ്ര ഫഡ്നാവിസ് ഉടൻ തന്നെ ഗവർണറെ കാണുമെന്നാണ് റിപ്പോർട്ടുകൾ.
വിശ്വാസവോട്ടെടുപ്പ് തടയണമെന്ന മഹാവികാസ് അഘാഡി സർക്കാരിന്റെ ഹര്‍ജി സുപ്രിംകോടതി തള്ളിയതോടെയാണ് ഉദ്ധവ് താക്കറെ രാജി വെച്ചത്.