ലഗേജുകളെയോര്‍ത്ത് വിമാനയാത്രക്കാര്‍ ഇനി ടെന്‍ഷനടിക്കണ്ട. വീട്ടിലെത്തി ലഗേജുകൾ ശേഖരിക്കുന്ന ഓഫ് എയര്‍പോര്‍ട്ട് ചെക് ഇന്‍ സംവിധാനം ഒരുക്കി അബുദാബി. ടൂറിസം 365ഉം ഒയാസിസ് മി എൽഎൽസിയും ചേർന്ന് ഒരുക്കുന്ന നൂതന സേവനം ജൂലൈ പകുതിയോടെ ആരംഭിക്കും.
ലഗേജിനൊപ്പം എയര്‍പോര്‍ട്ടിലെ നടപടിക്രമങ്ങളായ ബോര്‍ഡിംഗ് പാസും ലഗേജ് ടാഗും കമ്പനി വീട്ടിലെത്തി കൈമാറും. വിമാനയാത്ര ലളിതമാക്കുക, സേവനം കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നീക്കം. സഹിഷ്ണുത, സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാന്റെ സാന്നിധ്യത്തില്‍ ഇതുസംബന്ധിച്ച ധാരണാപത്രം ഒപ്പിട്ടു. വിമാനത്താവളത്തില്‍നിന്ന് ലഗേജുകൾ വീട്ടിലെത്തിക്കുന്ന സേവനവും ലഭ്യമാണ്.
ലഗേജിന്റെ നീക്കങ്ങൾ അറിയാന്‍ മൊബൈല്‍ ആപ്പിന്‍റെ സേവനവും ലഭ്യമാക്കും. ഗ്രൂപ്പ് ചെക് ഇന്‍ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിട്ടിലെത്തി ലഗേജുകൾ ശേഖരിക്കുന്നതിന് പുറമെ സേവന കേന്ദ്രത്തലെത്തിച്ചാല്‍ തുടര്‍നടപടികൾ പൂര്‍ത്തിയാക്കുന്ന സിറ്റി ചെക് ഇന്‍ സേവനങ്ങളും അനുബന്ധമായി പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അബുദാബി നാഷനൽ എക്സിബിഷൻസ് കമ്പനി സിഇഒയും എംഡിയുമായ ഹുമൈദ് അൽ ദാഹിരി വ്യക്തമാക്കി.
യാത്രക്കാര്‍ക്ക് ആയാസരഹിതവും സുരക്ഷിതവുമായ യാത്ര ആസ്വദിക്കാനാവുമെന്നും മധ്യപൂര്‍വദേശത്തെ വിവിധ കേന്ദ്രങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കുമെന്നും ഒയാസിസ് സിഇഒ ടിറ്റനും ടൂറിസം 365 സിഇഒ റൗല ജോണിയും പറഞ്ഞു. നേരത്തെ ദുബായ് എമിറേറ്റ്സ് എയര്‍ലൈന്‍ ചെക് ഇന്‍ ഹോം സേവനം യാത്രക്കാര്‍ക്കായി പ്രഖ്യാപിച്ചിരുന്നു.വിമാനകമ്പനികളുടെ പ്രവര്‍ത്തനരീതി മാറുന്നതിന്‍റെ സൂചനകളാണ് പുറത്തുവരുന്നത്.