ഗതാഗതം ഏറ്റവും സുഗമമുള്ള ലോക നഗരങ്ങളില്‍ ഇടം പിടിച്ച് ദുബായ്. ടോംടോം നടത്തിയ 2022 ഗതാഗാത സൂചിക റിപ്പോര്‍ട്ടിലാണ് ദുബായ് നഗരം ഈ നേട്ടം സ്വന്തമാക്കിയത്. ദുബായിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളിലൂടെ 10 കിലോ മീറ്റര്‍ സഞ്ചരിക്കാന്‍ വെറും 12 മിനിറ്റ് മതിയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം 10 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ലോകത്തെ പ്രധാന നഗരങ്ങളില്‍ 21 മിനിറ്റ് എടുക്കുന്നു എന്നിരിക്കെയാണ് ദുബായ് ബഹുദൂരം മുന്നിലെത്തിയിരിക്കുന്നത്. 56 രാജ്യങ്ങളിലെ 390 നഗരങ്ങളെ വിലയിരുത്തിയാണ് റിപ്പോര്‍ട്ട്.
ലോസ്ഏഞ്ചല്‍സ്, മോണ്‍ട്രിയോള്‍, സിഡ്‌നി, റോം, മിലന്‍, ബെര്‍ലിന്‍ എന്നീ നഗരങ്ങള്‍ക്കൊപ്പമാണ് ദുബായുടെ സ്ഥാനം. പട്ടികയിൽ നെതര്‍ലന്‍ഡ്‌സിലെ അല്‍മേറെ നഗരമാണ് ഗതാഗാത ഒന്നാസ്ഥാനം നേടിയത്. എട്ട് മിനിറ്റ് കൊണ്ട് ഈ നഗരത്തിലെ 10 കിലോ മീറ്റര്‍ സഞ്ചരിക്കാനാവുമെന്നാണ് കണക്ക്.
അതേസമയം പട്ടികയില്‍ ഏറ്റവും പിന്നിലുള്ളത് ലണ്ടന്‍ നഗരമാണ്. ലണ്ടനില്‍ 10 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ മിനിമം 36 മിനിറ്റ് വേണം. എന്നാൽ ദുബായിലെ നഗരപ്രദേശങ്ങളില്‍ മണിക്കൂറില്‍ 59 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ചാല്‍ തന്നെ 10 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ഒമ്പത് മിനിറ്റ് മതിയാകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കൂടാതെ പൊതുഗതാഗതം വികസിപ്പിച്ച് സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനും അതുവഴി വാഹനത്തിരക്കും മലിനീകരണവും കുറയ്ക്കാനും ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) ശ്രമങ്ങള്‍ നടത്തിവരികയാണ്.