കള്ളപ്പണം തടയുന്നതിൽ വീഴ്ച വരുത്തിയ 50 സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദാക്കി യുഎഇ. മൂന്ന് മാസത്തേക്കാണ് സ്ഥാപനങ്ങളുടെ പ്രവർത്തനം സസ്പെൻഡ് ചെയ്തത്. നിയമം ലംഘിച്ച 225 സ്ഥാപനങ്ങൾക്ക് മന്ത്രാലയം വൻതുക പിഴ ചുമത്തുകയും ചെയ്തു.
കള്ളപ്പണം വെളുപ്പിക്കുന്നത് തടയാൻ യുഎഇ ഫിനാൻഷ്യൽ ഇന്റലിജൻസിന് കീഴിൽ പ്രവർത്തിക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ നിരോധന സംവിധാനത്തിൽ രജിസ്റ്റർ ചെയ്യുന്നതിൽ വീഴ്ചവരുത്തിയ സ്ഥാപനങ്ങളുടെ പ്രവർത്തനമാണ് സാമ്പത്തിക മന്ത്രാലയം റദ്ദാക്കിയത്. സാമ്പത്തിക മന്ത്രാലയം വിവിധ ഘട്ടങ്ങളിലായി നടത്തിയ പരിശോധനയിൽ ഈ സംവിധാനം ഒരുക്കുന്നതിൽ 50 സ്ഥാപനങ്ങൾ പരാജയപ്പെട്ടതായി കണ്ടെത്തിയിരുന്നു.
കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ ഫണ്ടിങ് എന്നിവയെ നേരിടുന്നതിന് ഏർപ്പെടുത്തിയ ചട്ടങ്ങൾ പാലിക്കുന്നതിൽ വീഴ്ചവരുത്തിയ 225 സ്ഥാപനങ്ങളിലായി മൊത്തം 76.9 ദശലക്ഷം ദിർഹമിന്റെ പിഴയാണ് ചുമത്തിയിരിക്കുന്നത്. കള്ളപ്പണം, ഭീകരവാദഫണ്ടിങ് തുടങ്ങിയവക്കെതിരെ അന്താരാഷ്ട്ര നിയമപ്രകാരം കർശന നടപടികളാണ് യുഎഇ സ്വീകരിക്കുന്നത്. മൂന്നു മാസത്തിനുള്ളിൽ പിഴവുകൾ തിരുത്തിയില്ലെങ്കിൽ കൂടുതൽ കടുത്ത പിഴ ചുമത്തുമെന്നും അധികൃതർ അറിയിച്ചു.