ഡിജിറ്റൽ ഇക്കോണമി സഹകരണ കരാറിൽ ഒപ്പുവച്ച് ഇന്ത്യയും സൗദിയും. സൗദി കമ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി അബ്ദുല്ല സ്വാഹയും ഇന്ത്യൻ റെയിൽവേ, കമ്മ്യൂണിക്കേഷൻസ്, ഇലക്ട്രോണിക്സ്, ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവുമാണ് കരാറിൽ ഒപ്പുവച്ചത്. ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, ഇ-ഹെൽത്ത്, ഇ-ലേണിങ് എന്നീ മേഖലകളിൽ സൗദി-ഇന്ത്യ സഹകരണം വർധിപ്പിക്കുകയും ഡിജിറ്റൽ ഗവേഷണത്തിലും നവീന സാങ്കേതികവിദ്യകളുടെ ഉപയോഗത്തിലും ഇരു രാജ്യങ്ങളുടെയും പങ്കാളിത്തം ശക്തിപ്പെടുത്തുകയുമാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്.
പുതിയ കരാർ അനുസരിച്ച് ഇരുരാജ്യങ്ങളിലും തൊഴിൽ അവസരവും നിക്ഷേപവും വർധിക്കുകയും സൗദിയിൽ ഇന്ത്യക്കാർക്ക് ജോലിയിൽ മുൻഗണന ലഭിക്കുകയും ചെയ്യും. ഡിജിറ്റൽ ഇക്കോണമി ശക്തമാകുന്നതോടെ ഇ-വാലറ്റ് വഴി ഇന്ത്യക്കാർക്ക് സൗദിയിൽ ഇടപാട് നടത്താനുള്ള സാഹചര്യവും സൃഷ്ടിക്കപ്പെടും. കൂടാതെ സൗദിയിലെ സർവകലാശാലകളുടെ ഇ-ലേണിങ്, ആശുപത്രികളിലെ ഇ-ഹെൽത്ത് സംവിധാനം മെച്ചപ്പെടുത്താൻ ഇന്ത്യൻ കമ്പനികൾക്ക് അവസരവും ലഭിക്കും.