ജുമേറ ബീച്ചില്‍ ആധുനിക ദിശാ സൂചകങ്ങളും ബോര്‍ഡുകളും സ്ഥാപിച്ച് അധികൃതര്‍. ദുബായ് മുനിസിപ്പാലിറ്റിയും ആര്‍ടിഎയും ചേര്‍ന്നാണ് ദിശാ സുചക ബോര്‍ഡുകൾ സ്ഥാപിച്ചത്. കാലാനുസൃതമായ മാറ്റം പ്രകടമാകുന്നതാണ് പുതിയ ദിശാ സൂചകങ്ങൾ.
വിനോദ സഞ്ചാര മേഖലയില്‍ ജുമേറ ബീച്ചിനെ പ്രത്യേകം അടയാളപ്പെടുത്തുന്നതിന്റെ ഭാഗമായായിരുന്നു നവീകരണം. നടപ്പാതകളും സൈക്കിൾ പാതകളും മറ്റം വേര്‍തിരിക്കുന്ന വിവിധ ബോര്‍ഡുകളും സ്ഥാപിച്ചു. 84 ദിശാ സൂചകങ്ങൾ പരിഷ്കരിച്ചതായി ആര്‍ടിഎ വ്യക്തമാക്കി. ജുമേറ-3 ന് പുറമെ സുഖീം-1 , സുഖീം- 2 എന്നിവിടങ്ങളിലും പുതിയ ദിശാ സൂചകങ്ങൾ സ്ഥാപിച്ചു.
മുന്നറിയിപ്പ് നല്‍കുന്നതിനൊപ്പം അപകടങ്ങൾ ഒഴിവാക്കുകയെന്ന ലക്ഷ്യവും പിന്നിലുണ്ട്. ട്രാഫിക് നിയമങ്ങൾ ലംഘിക്കരുതെന്നാണ് പ്രധാന നിര്‍ദ്ദേശങ്ങളിലൊന്ന്. സൈക്കിൾ , സ്കൂട്ടര്‍ യാത്രികൾ 20 കി.മി വേഗപരിധി കൃത്യമായി പാലിക്കണം. ബീച്ചിലെത്തുന്നവര്‍ ലൈഫ് ഗാര്‍ഡുകളുടെ നിര്‍ദ്ദേശങ്ങൾ അവഗണിക്കരുതെന്നും സുരക്ഷാ മുന്നൊരുക്കമില്ലാതെ നീന്തലിന് ഇറങ്ങരുതെന്നും അധികൃതര്‍ വ്യക്തമാക്കി.
ബീച്ചിന്‍റെ സൗന്ദര്യവത്കരണത്തെ ബാധിക്കുന്ന തരത്തില്‍ ഇടപെടാന്‍ അനുവദിക്കില്ല. പുകവലി നിരോധിച്ച സ്ഥലങ്ങളില്‍ കൃത്യമായ നിരീക്ഷണങ്ങൾ നടപ്പാക്കുമെന്നും മാലിന്യങ്ങൾ വലിച്ചെറിയരുതെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.