അത്തം പിറന്നു. നാടെങ്ങും പൂവിളി ഉയർന്നു. പൊന്നോണത്തിന് ഇനി പത്തുനാൾ. പൂക്കളങ്ങളും ആർപ്പോ വിളികളും പുലികളിയുമായി ആഘോഷം കെങ്കേമമാക്കാൻ നാടൊരുങ്ങിക്കഴിഞ്ഞു. കർക്കിടകത്തിന്റെ കറുത്ത കഷ്ടനഷ്ടങ്ങൾക്കെല്ലാം വിരാമമിട്ടുകൊണ്ടാണ് പൊന്നിൻ ചിങ്ങമാസത്തിലെ അത്തം പിറന്നത്. അത്തത്തിൽ തുടങ്ങി തിരുവോണം വരെയുള്ള പത്ത് നാളുകൾ കേരളീയർക്ക് ആഘോഷത്തിന്റെ നാളുകളാണ്. മാവേലി മന്നനെ വരവേൽക്കുവാൻ ഓരോ വീട്ടിലും പൂക്കളമൊരുങ്ങും.
ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പത്ത് നാളുകൾക്കാണ് അത്തം മുതൽ തുടക്കമാവുന്നത്. തിരുവോണം വരെയുള്ള പത്ത് ദിവസങ്ങളിലും അതിന്റേതായ പ്രത്യേക ആചാരങ്ങളും രീതികളും അനുഷ്ഠിക്കേണ്ടതായിട്ടുണ്ട്. ഓണാഘോഷത്തിന്റെ തുടക്കം കുറിക്കുന്ന ഈ ദിവസം ആളുകൾ ക്ഷേത്രങ്ങൾ സന്ദർശിക്കുന്നത് പതിവാണ്. മാവേലിയെ ഭൂമിയിൽ നിന്ന് പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയതായി കരുതപ്പെടുന്ന കൊച്ചിക്ക് സമീപമുള്ള തൃപ്പൂണിത്തുറയിൽ അത്ത ചമയ ഘോഷയാത്ര ഈ ദിവസമാണ് നടക്കുന്നത്. മഹാബലി ചക്രവർത്തി നാടുകാണാനെത്തുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന തിരുവോണദിനത്തിന്റെ മുന്നോടിയായുള്ള ഒരുക്കങ്ങളുടെ തുടക്കമാണിന്ന്.
ഓണാഘോഷത്തിന്റെ ഭാഗമായി അത്തം മുതൽ പത്താം ദിനം വരെ വീടുകളിൽ പൂക്കളം കൊണ്ട് അലങ്കരിക്കാൻ തുടങ്ങും. തൃക്കാക്കരയപ്പനെ എഴുന്നള്ളിച്ചിരുത്താൻ വേണ്ടിയാണ് അത്തപ്പൂക്കളം ഒരുക്കുന്നത്. അത്തം, ചിത്തിര, ചോതി എന്നീ ദിവസങ്ങളിൽ ചാണകം മെഴുകിയ നിലത്ത് തുമ്പപ്പൂവ് മാത്രം അലങ്കരിക്കുകയായിരുന്നു പതിവ്. പിന്നീടുള്ള ദിവസങ്ങളിൽ വിവിധ തരം പൂക്കൾ ഉപയോഗിക്കും. ഉത്രാടദിനത്തിലാണ് പൂക്കളം പരമാവധി വലിപ്പത്തിൽ ഒരുക്കുന്നത്. മലയാളിക്ക് ഓണം വെറുമൊരു ആഘോഷം മാത്രമല്ല, മറിച്ച് അതൊരു വികാരമാണ്. ഏതു ഭൂഖണ്ഡമോ രാജ്യമോ ആയിക്കൊള്ളട്ടെ, അവിടെ മലയാളികളുണ്ടോ അവർക്ക് ഓണവുമുണ്ടാകും.