പ്രതിപക്ഷത്തിന്റെ വെല്ലുവിളി ഏറ്റെടുത്ത് സർക്കാർ. അടിയന്തര പ്രമേയം ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്വർണക്കടത്ത് കേസ് നിയമസഭ നിർത്തിവെച്ച് ഉച്ചക്ക് ഒരു മണി മുതൽ മൂന്ന് മണിവരെ ചർച്ച ചെയ്യും. ജനങ്ങൾക്ക് അറിയാൻ താൽപര്യമുള്ള വിഷയമായതിനാലാണ് ചർച്ചയാകാമെന്ന് മുഖ്യമന്ത്രി അറിയിച്ചത്. രണ്ടാം പിണറായി സർക്കാർ ചർച്ചക്കെടുക്കുന്ന രണ്ടാമത്തെ അടിയന്തരപ്രമേയമാണിത്. ആദ്യം ചർച്ച ചെയ്തത് സിൽവർ ലൈൻ വിഷയത്തിലായിരുന്നു.
കോൺഗ്രസ് എം എൽ എ ഷാഫി പറമ്പിലാണ് അടിയന്തര പ്രമേയ നോട്ടിസ് നൽകിയത്. സ്വപ്ന സുരേഷ് കോടതിയിൽ നൽകിയ മൊഴിയിലെ ഗുരുതരമായ ആരോപണങ്ങൾ മുതൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിലെ വിശ്വാസ്യത നഷ്ടമായി എന്നതടക്കമുള്ള വാദങ്ങളിലൂന്നിയാവും വിഷയം സഭാതലത്തിൽ ഉയർന്നുവരിക. മുഖ്യമന്ത്രിക്കെതിരെയുള്ള കരിങ്കൊടി സമരത്തെ അടിച്ചമർത്തിയ രീതിയും രൂക്ഷമായി വിമർശിക്കപ്പെടുമെന്നാണ് റിപ്പോർട്ടുകൾ.