വിമാന യാത്രയ്ക്കിടെ 10 വയസുകാരിക്ക് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തിൽ കമ്പനിയ്ക്കെതിരെ മാതാപിതാക്കൾ. കുട്ടിക്ക് ഹോട്ട് ചോക്കലേറ്റ് നൽകുന്നതിനിടെ എയർ ഹോസ്റ്റസിന്റെ കൈയിൽ നിന്ന് ചൂടു വെള്ളം കാലിൽ വീണാണ് പൊള്ളലേറ്റത്. ഓഗസ്റ്റ് 11ന് ഡൽഹിയിൽ നിന്ന് ഫ്രാങ്ക്ഫർട്ടിലേക്കുള്ള എയർ വിസ്‍താര വിമാനത്തിലായിരുന്നു അപകടം.
ഫ്രാങ്ക്ഫർട്ടിലേക്ക് 10 വയസുകാരി താരയുമായി യാത്ര ചെയ്ത അമ്മ രചന ഗുപ്തയാണ് സോഷ്യൽ മീഡിയയിലൂടെ ആരോപണം ഉന്നയിച്ചത്. അപകടം കാരണം തങ്ങൾക്ക് ലിസ്‍ബണിലേക്കുള്ള കണക്ഷൻ ഫ്ലൈറ്റ് നഷ്ടമായെന്നും വിമാനത്തിൽ വെച്ച് ഒരു പാരാമെഡിക്കൽ ജീവനക്കാരൻ പ്രാഥമിക ശുശ്രൂഷ നൽകുകയും വിമാനത്താവളത്തിൽ ആംബുലൻസ് ഒരുക്കുകയും ചെയ്തെങ്കിലും വിമാനക്കമ്പനിയിൽ നിന്ന് ഒരു മാപ്പപേക്ഷ പോലുമുണ്ടായില്ലെന്നും അമ്മ ആരോപിച്ചു. ഭാരിച്ച ചികിത്സാ ചെലവ് മുഴുവൻ സ്വയം വഹിക്കേണ്ടി വന്നുവെന്നും കൂട്ടിച്ചേർത്തു. “എയർ വിസ്താര എയർ ഹോസ്റ്റസിന്റെ പിഴവിൽ പത്ത് വയസുകാരിക്ക് സെക്കന്റ് ഡിഗ്രിയിലുള്ള പൊള്ളലേറ്റു. എന്നാൽ അപകടത്തെ മോശമായ തരത്തിലാണ് കമ്പനി കൈകാര്യം ചെയ്തത്. എയർ ഹോസ്റ്റസോ, ക്യാപ്റ്റനോ, ക്രൂ അംഗങ്ങളോ ഒരു ക്ഷമാപണം പോലും നടത്തിയില്ല” – അമ്മ ആരോപിച്ചു.
സംഭവത്തിന് ശേഷം വിമാനക്കമ്പനി ജീവനക്കാർ ഖേദം പ്രകടിപ്പിക്കുകയോ ചികിത്സാ ചെലവ് വഹിക്കുകയോ ചെയ്തില്ലെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു. എന്നാൽ കുടുംബവുമായി ബന്ധപ്പെട്ടുവെന്നും ഇന്ത്യയിലേക്കുള്ള അവരുടെ മടക്കത്തിനാവശ്യമായ സംവിധാനങ്ങൾ ഒരുക്കിയെന്നും കമ്പനി അവകാശപ്പെട്ടു. കുട്ടിയുടെ ചികിത്സാചെലവ് പൂർണമായി ഏറ്റെടുക്കുമെന്നും എയർ വിസ്താര അറിയിച്ചിട്ടുണ്ട്.