യുഎഇയുടെ ആദ്യ വനിതാ ബഹിരാകാശ യാത്രികയാകാൻ ഒരുങ്ങി നൂറ അൽ മത്റൂഷി. യാത്രയ്ക്ക് മുന്നോടിയായി നാസയിൽ ബഹിരാകാശത്ത് നടക്കുന്നതിനുള്ള (സ്പേസ് വാക്) പരിശീലനം ആരംഭിച്ചു. ടെക്സസിലെ ന്യൂട്രൽ ബൂയൻസി ലബോറട്ടറിയിൽ 2.3 ദശലക്ഷം ലിറ്റർ വെള്ളം നിറച്ച ഇൻഡോർ പൂളിൽ ബഹിരാകാശത്ത് ഉപയോഗിക്കുന്ന 145 കിലോ തൂക്കം വരുന്ന സ്യൂട്ട് ധരിച്ചുകൊണ്ടുള്ള പരിശീലനമാണ് പുരോഗമിക്കുന്നത്. ഭാരമില്ലായ്മയുടെ സമാനമായ സാഹചര്യം സൃഷ്ടിക്കാനാണ് ഇത്തരത്തിൽ പരിശീലനം നടത്തുന്നത്.
30 കാരിയായ നൂറ അൽ മത്റൂഷിക്ക് പുറമെ ബഹിരാകാശയാത്രക്ക് തയ്യാറെടുക്കുന്ന 34 കാരനായ മുഹമ്മദ് അൽ മുഅല്ല എന്ന എമിറാത്തിയും ഇവിടെ പരിശീലനം നടത്തുന്നുണ്ട്. ഭാവിയിൽ ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്നതിനുള്ള വിവിധ തയാറെടുപ്പുകളുടെ ഭാഗമാണിത്. ഇവരുടെ ബഹിരാകാശ യാത്രയുടെ തിയതി ഇതുവരെ തീരുമാനിച്ചിട്ടില്ല. എന്നാൽ അടുത്ത വർഷമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎഇയുടെ ആദ്യത്തെ ബഹിരാകാശ യാത്രികനായ ഹസ്സ അൽ മൻസൂരിയും ഇവർക്കൊപ്പം നാസ കേന്ദ്രത്തിലുണ്ട്.
2019-ൽ രാജ്യാന്തര ബഹിരാകാശ നിലയത്തിൽ എട്ട് ദിവസം ചെലവഴിച്ച ആദ്യത്തെ എമിറാത്തി ബഹിരാകാശ സഞ്ചാരിയായ ഹസ്സ അൽ മൻസൂ രിയും നിലവിൽ ബഹിരാകാശ യാത്ര നടത്തുന്ന സുൽത്താൻ അൽ നെയാദിയുമാണ് ബഹിരാകാശ യാത്ര നടത്തിയിട്ടുള്ള എമിറാത്തികൾ. സുൽത്താൻ അൽ നെയാദി ആറ് മാസത്തെ ദൗത്യം പൂർത്തിയാക്കി ഈ മാസം ഭൂമിയിലേക്ക് മടങ്ങും.