ദോഹ ഹോർട്ടികൾചറൽ എക്സ്പോ 2023 നെ തേടി അന്താരാഷ്ട്ര അംഗീകാരങ്ങൾ. പരിസ്ഥിതി സൗഹൃദത്തിനും സുസ്ഥിരതയ്ക്കുമുള്ള മികവിന് ജിഎസ്എഎസ്, ഇക്കോലീഫ് സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കാൻ ദോഹ എക്സ്പോ 2023ന് ഗൾഫ് ഓർഗനൈസേഷൻ ഫോർ റിസർച് ആൻഡ് ഡെവലപ്മെന്റ് (ഗോർഡ്) പിന്തുണ നൽകുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കൂടാതെ ദോഹ എക്സ്പോ 2023 നുള്ള സാങ്കേതിക പിന്തുണയും നൽകുമെന്ന് ഗോർഡ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
എക്സ്പോകളും പ്രദർശനങ്ങളും മേളകളും പോലുള്ള മെഗാ ഇവന്റുകളുടെ സുസ്ഥിരതയും പാരിസ്ഥിതിക പ്രകടനവും ഉയർത്തുന്നതിന് ഗ്ലോബൽ സസ്റ്റെയ്നബിലിറ്റി അസസ്മെന്റ് സിസ്റ്റം (ജി.എസ്.എ.എസ്) അവതരിപ്പിച്ച പുതിയ അംഗീകാരമാണ് ജി.എസ്.എ.എസ് ഇക്കോലീഫ്. ദോഹ എക്സ്പോ 2023ന്റെ സുസ്ഥിര വിതരണം പിന്തുണക്കുന്നതിനുള്ള കരാറിൽ നേരത്തേ തന്നെ ഇരുകക്ഷികളും ഒപ്പുവെച്ചിരുന്നു. ദോഹ എക്സ്പോയുടെ ഭാഗമായുള്ള പരിപാടികളുടെ ആസൂത്രണം, നിർമാണം, രൂപകൽപന, പ്രവർത്തനങ്ങൾ, പൊളിച്ച് നീക്കം ചെയ്യൽ തുടങ്ങി എല്ലാ ഘട്ടങ്ങളിലും സുസ്ഥിരത രീതികൾ പിന്തുടരുന്നതിലൂടെ കാർബൺ ബഹിർഗമനം കുറക്കുകയാണ് ജിഎസ്എഎസ് ഇക്കോലീഫ് ലക്ഷ്യമിടുന്നത്.
കാർബൺ ബഹിർഗമനം കുറയ്ക്കുകയും സുസ്ഥിരതയുടെ ഏറ്റവും ഉയർന്ന മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്താണ് എക്സ്പോയിലെ എല്ലാ വേദികളുടെയും നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. കൂടാതെ ഹരിത നഗരങ്ങൾ നിർമിക്കുന്നതിനെ കുറിച്ചും ഇന്നത്തെ നഗര ആവശ്യങ്ങൾക്ക് അനുയോജ്യവും ആസ്വാദ്യകരവുമായ കാര്യങ്ങൾ എന്നിവയെ കുറിച്ചുമുള്ള പ്രധാന പ്രശ്നങ്ങളും വിഷയങ്ങളും എക്സ്പോ ചർച്ചകളിൽ വിശകലനം ചെയ്യുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
2023 ഒക്ടോബർ രണ്ടു മുതൽ 2024 മാർച്ച് 28 വരെ ആറുമാസം നീളുന്നതാണ് ദോഹ എക്സ്പോ 2023. എക്സ്പോയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 30 ലക്ഷത്തിൽ അധികം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. 80 രാജ്യങ്ങളുടെ പവിലിയനുകളാണ് എക്സ്പോയിൽ ഉണ്ടാവുക. അതേസമയം ഖത്തറിലും മിന മേഖലയിലുമായി നടക്കുന്ന ആദ്യത്തെ എ-വൺ ഇന്റർനാഷണൽ ഹോർട്ടികൾചറൽ എക്സിബിഷൻ എന്നാണ് 2023ലെ ദോഹ എക്സ്പോയെ വിശേഷിപ്പിക്കുന്നത്.