താമസ അനുമതി റദ്ദാക്കപ്പെട്ടവരോ മരിച്ചതോ ആയ പ്രവാസികളുടെ പേരിലുള്ള വാഹനം ഉപയോഗിക്കുന്നതിന് എതിരെ നിയമനടപടികൾ പൂർത്തിയാക്കണം. അല്ലാത്ത പക്ഷം പിഴയും വാഹനം പിടിച്ചെടുക്കുന്നതും അടക്കമുള്ള നടപടികൾ നേരിടേണ്ടിവരുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. അതേസമയം രാജ്യത്ത് താമസ അനുമതി റദ്ദാക്കപ്പെട്ടവരോ മരിച്ചവരോ ആയ പ്രവാസികളുടെ പേരിൽ 87,140 വാഹനങ്ങൾ ഉണ്ടെന്നാണ് കണ്ടെത്തൽ.
ഒന്നാം ഉപ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹിന്റെ നിർദേശപ്രകാരം രൂപവത്കരിച്ച പ്രത്യേക സമിതിയുടെ അന്വേഷണത്തിലാണ് ഇവ കണ്ടെത്തിയത്. ഇത്തരം വാഹനങ്ങളുടെ ഉടമസ്ഥാവകാശം കൈമാറുന്നതിനും റദ്ദാക്കുന്നതിനും പുതുക്കുന്നതിനുമെല്ലാം ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റിനെ സമീപിക്കണമെന്ന് അധികൃതർ അറിയിച്ചു. കൂടാതെ ഔദ്യോഗിക അധികാര പത്രം അനുസരിച്ച് നടപടിക്രമം പൂർത്തിയാക്കണമെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
അതേസമയം നടപടികൾ പൂർത്തിയാക്കാത്ത പക്ഷം വാഹനത്തിന്റെ ഡ്രൈവർക്ക് പിഴ ചുമത്തുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്യും. ഇവ നിയമപരമായ നടപടിക്രമങ്ങൾക്ക് അനുസൃതമായി പൊതു ലേലത്തിൽ വിൽക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഇൻഷുറൻസ്, ഡ്രൈവിങ് പെർമിറ്റ്, മറ്റു രേഖകൾ എന്നിവ ഇല്ലാതെയോ റോഡിലൂടെ സഞ്ചരിക്കുമ്പോൾ പിടിക്കപ്പെട്ടാലോ ഡ്രൈവർക്കെതിരെ കേസും വാഹനം കണ്ടുകെട്ടുകയും ചെയ്യുമെന്നും ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേർത്തു.