രണ്ടാം ട്വന്റി20യിലും തിളങ്ങാനാകാതെ ഇന്ത്യ. രണ്ട് വിക്കറ്റ് വിജയവുമായി ഇന്ത്യയെ വെസ്റ്റിൻഡീസ് വീണ്ടും തകർത്തു. ഇന്ത്യ ഉയർത്തിയ 153 റൺസ് വിജയലക്ഷ്യം എട്ട് വിക്കറ്റ് നഷ്ടത്തിൽ ഏഴു പന്തുകൾ ബാക്കി നിൽക്കെയാണ് വിൻഡീസ് മറികടന്നത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. ഇന്ത്യ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 152 റൺസാണെടുത്തത്. മൂന്ന് ഓവറിൽ 9 പന്തുകൾ നേരിട്ട ഗിൽ ഏഴു റൺസുമായി മടങ്ങി. പിന്നീട് ഒരു റൺ മാത്രം നേടി സൂര്യയും റണ്ണൗട്ടായി. രണ്ടു വീതം സിക്സും ഫോറും നേടി 27 റൺസെടുത്ത ഇഷാൻ കിഷനും അധികനേരം ക്രീസിൽ തുടർന്നില്ല.
തിലക് വർമ ബാറ്റിങ് തുടങ്ങിയതോടെയാണ് ഇന്ത്യൻ സ്കോർ ഉയർന്നത്. കരിയറിലെ രണ്ടാം രാജ്യാന്തര മത്സരത്തിൽ തന്നെ തിലക് വർമ അർധ സെഞ്ച്വറി തികച്ചു. 41 പന്തുകൾ നേരിട്ട തിലക് വർമ 51 റൺസെടുത്താണ് പുറത്തായത്. സ്കോർ 76ൽ നിൽക്കെ ഇന്ത്യയ്ക്ക് സഞ്ജു സാംസണെയും നഷ്ടമായി. ഏഴു പന്തുകൾ നേരിട്ട സഞ്ജു ഏഴു റൺസുമായി മടങ്ങി. ഹാർദിക് പാണ്ഡ്യ 18 പന്തിൽ 24 ഉം അക്ഷർ പട്ടേൽ 12 പന്തിൽ 14 റൺസുമെടുത്ത് പുറത്തായി. രവി ബിഷ്ണോയി (നാല് പന്തിൽ എട്ട്), അർഷ്ദീപ് സിങ് (മൂന്ന് പന്തിൽ ആറ്) എന്നിവർ ഇന്ത്യൻ നിരയിൽ പുറത്താകാതെ നിന്നു.
മറുപടി ബാറ്റിങ്ങിൽ വെസ്റ്റിൻഡീസിന്റെ തുടക്കം പരുങ്ങലിലായിരുന്നു. നേരിട്ട ആദ്യ പന്തിൽ അവർക്ക് ഓപ്പണർ ബ്രാണ്ടൻ കിങ്ങിനെ നഷ്ടമായി. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ എറിഞ്ഞ പന്തിൽ സൂര്യകുമാർ യാദവ് ക്യാച്ചെടുത്താണ് താരത്തെ പുറത്താക്കിയത്. നാലാം പന്തിൽ ജോൺസൺ ചാൾസിനെ തിലക് വർമയുടെ കൈകളിലെത്തിച്ച് പാണ്ഡ്യ വിൻഡീസിനെ പ്രതിരോധത്തിലാക്കി. എന്നാൽ നിക്കോളാസ് പുരാൻ ക്രീസിലെത്തിയതോടെ കളി മാറി. ആദ്യ 32 പന്തുകളിൽ (5.2 ഓവർ) വിൻഡീസ് 50 പിന്നിട്ടു. 40 പന്തിൽ 67 റൺസെടുത്ത പുരാനെ സഞ്ജു സാംസൺ ക്യാച്ചെടുത്താണ് പുറത്താക്കിയത്. അവസാന രണ്ട് ഓവറിൽ വിൻഡീസിന് ജയിക്കാൻ വേണ്ടിയിരുന്നത് 12 റൺസായിരുന്നു. എന്നാൽ മുകേഷ് കുമാർ എറിഞ്ഞ 19-ാം ഓവറിൽ ഒരു ഫോറും ഒരു സിക്സും ഉൾപ്പെടെ 14 റൺസെടുത്ത് വിൻഡീസ് കളി അവസാനിപ്പിച്ചു. ജയത്തോടെ വെസ്റ്റിൻഡീസ് 2-0ന് മുന്നിലെത്തി. മൂന്നാം ട്വന്റി20 നാളെ പ്രൊവിഡൻസിൽ നടക്കും.