രാജ്യാന്തര ഫാൽക്കൺ ബ്രീഡേഴ്സ് ലേലത്തിന് സൗദിയിൽ തുടക്കം കുറിച്ചു. സൗദി ഫാൽക്കൺസ് ക്ലബ്ബ് സംഘടിപ്പിക്കുന്ന മൂന്നാമത് രാജ്യാന്തര ഫാൽക്കൺ ബ്രീഡേഴ്സ് ലേലം മാൽഹാമിന്റെ ആസ്ഥാനത്താണ് ആരംഭിച്ചത്. 21 ദിവസം നീണ്ടുനിൽക്കുന്ന ലേലത്തിൽ 16 രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ ഫാൽക്കൺ ബ്രീഡേഴ്സ് പങ്കെടുക്കും. പുരാതന കാലം മുതൽ അറബ് ജീവിതത്തിലെ ആഢ്യത്വത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രതീകമാണ് പരുന്തുകൾ. വിവിധയിനം പരുന്തുകളെ കാണുന്നതിനും അടുത്തറിയുന്നതിനുമുള്ള അവസരമാണ് ഈ ദിവസങ്ങളിൽ കാണികൾക്ക് ലഭിക്കുക.
ലോക വ്യാപകമായി പരുന്ത് വളർത്തുന്നവർ, പരുന്ത് പറത്തൽ മത്സരത്തിൽ പങ്കെടുക്കുന്നവർ, വിനോദത്തിൽ ഏർപ്പെടുന്നവർ, പരുന്തുകളെ വാങ്ങാനും വിൽക്കാനും ആഗ്രഹിക്കുന്നവർ തുടങ്ങിയവർ ലേലത്തിൽ പങ്കെടുക്കും. സൗദി, ബ്രിട്ടൻ, അമേരിക്ക, ഓസ്ട്രിയ, ബെൽജിയം, ജർമ്മനി, സ്പെയിൻ, പോളണ്ട്, ഫ്രാൻസ്, നെതർലൻഡ്സ്, കാനഡ, സ്ലൊവാക്യ, ചെക്ക് റിപ്പബ്ലിക്, അയർലൻഡ്, ഹംഗറി, ഉസ്ബെക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഫാമുകളാണ് പങ്കെടുക്കുന്നത്.
ഇത്തവണത്തെ ലേലത്തിൽ ആറ് പുതിയ റൗണ്ടുകൾ അവതരിപ്പിക്കുന്നുണ്ട്. പ്രത്യേകിച്ച് വിദേശത്ത് നിന്ന് എത്തിച്ച ഫാൽക്കണുകൾക്കായി. ഈ മാസം 25 ന് മേള സമാപിക്കും. അടുത്ത മേള നടക്കുന്ന കിങ് അബ്ദുൽ അസീസ് ഫാൽക്കൺ ഫെസ്റ്റിവലിലെ മെൽവ മത്സരത്തിന്റെ എല്ലാ റൗണ്ടുകളിലും പങ്കെടുക്കാൻ ഇപ്പോൾ ലേലം ചെയ്ത ഫാൽക്കണുകൾക്ക് അർഹതയുണ്ടെന്ന് വക്താവ് അറിയിച്ചു. നവംബർ 28 മുതൽ ഡിസംബർ 14 വരെയാണ് അടുത്ത ലേലം നടക്കുക.