മഹാരാഷ്ട്രയിലെ പൽഗാറിൽ ആർ.പി.എഫ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ടിക്കാറാം മീണയെയും മൂന്ന് യാത്രക്കാരെയും വെടിവെച്ച് കൊലപ്പെടുത്തിയ ജവാൻ ചേതൻ കുമാർ ചൗധരി മാനസിക രോഗിയല്ലെന്നും മേലുദ്യോഗസ്ഥനുമായുള്ള തർക്കമാണ് കൊലയ്ക്ക് കാരണമെന്നും റെയിൽവെ മന്ത്രാലയം. ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായതിന് പിന്നാലെയാണ് കയ്യിലുണ്ടായിരുന്ന എകെ 47 തോക്ക് ഉപയോഗിച്ച് പ്രതി വെടിയുതിർത്തതെന്നാണ് റിപ്പോർട്ട്.
ചേതൻ സിംഗ് ഉൾപ്പെടെയുള്ള നാലംഗ റെയിൽവെ പൊലീസ് സംഘമാണ് ജയ്പൂർ-മുംബൈ സെൻട്രൽ എക്സ്പ്രസിൽ ഡ്യൂട്ടിക്കായി കയറിയത്. ട്രെയിൻ വൽസാഡിൽ എത്തിയപ്പോൾ എഎസ്ഐ ടിക്കാറാം മീണയോടെ തന്റെ ആരോഗ്യം മോശമാണെന്നും അതിനാൽ ഡ്യൂട്ടി പാതിവഴിയിൽ അവസാനിപ്പിച്ച് വീട്ടിലേക്ക് പോവാൻ അനുവദിക്കണമെന്നും പ്രതി ആവശ്യപ്പെട്ടു. ഡ്യൂട്ടി പൂർത്തിയാക്കാൻ ആവശ്യപ്പെട്ട ടിക്കാറാം മീണ തോക്ക് ഒപ്പമുള്ള കോൺസ്റ്റബിളിന് കൈമാറി തത്ക്കാലം ആളൊഴിഞ്ഞ സീറ്റിൽ വിശ്രമിക്കാൻ നിർദ്ദേശിച്ചു. വിശ്രമിക്കുന്നതിനിടെ വീട്ടിലേക്ക് വിളിച്ച് ഭാര്യയോടും ഇയാൾ ക്ഷോഭിച്ചിരുന്നു. 15 മിനിറ്റോളം വിശ്രമിച്ച പ്രതി ദേഷ്യത്തിൽ എഴുന്നേറ്റ് വന്ന് ടിക്കാറാം മീണയുമായി തകർത്തിലേർപ്പെടുകയും സഹപ്രവർത്തകന്റെ കയ്യിൽ നിന്ന് എകെ 47 തോക്ക് ബലമായി പിടിച്ചുവാങ്ങി കൂട്ടക്കൊല നടത്തുകയുമായിരുന്നു.
ഇതിന് മുമ്പും പലപ്രാവശ്യം ഡ്യൂട്ടി പൂർത്തിയാക്കാൻ ഇയാൾ വിസമ്മതിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ദേഷ്യം നിയന്ത്രിക്കാൻ സാധിക്കാത്തയാളാണ് ചേതനെന്നാണ് പൊലീസും റെയിൽവെയും വ്യക്തമാക്കുന്നത്. പ്രതി മാനസിക ബുദ്ധിമുട്ടുകൾക്ക് ചികിത്സ തേടിയിരുന്നെന്ന് ഉത്തർപ്രദേശിലുള്ള കുടുംബവും നേരത്തെ പറഞ്ഞിരുന്നു. എന്നാൽ പ്രതിക്ക് മാനസിക അസ്വസ്ഥതകൾ ഇല്ലെന്നാണ് റെയിൽവെ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.