കള്ളപ്പണം തടയുന്നതിനുള്ള സംവിധാനത്തിൽ (എ.എം.എൽ) വീഴ്ചവരുത്തിയ ബാങ്കിന് വൻതുക പിഴ ചുമത്തി ദുബായ് ഫിനാൻസ് സർവീസസ് അതോറിറ്റി (ഡി.എഫ്.എസ്.എ). ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന മിറാബൂദ് ബാങ്കിനാണ് ഡി.എഫ്.എസ്.എ 11.1 ദശലക്ഷം ദിർഹം പിഴ ചുമത്തിയത്.
ഡി.എഫ്.എസ്.എ നടത്തിയ പരിശോധനയിൽ 2018-2021 കാലയളവിൽ പരസ്പര ബന്ധമുള്ള ഒമ്പത് ഇടപാടുകാരുടെ ഒരു സംഘവുമായി മിറാബൂദ് ബാങ്കിലെ റിലേഷൻഷിപ്പ് മാനേജർ നടത്തിയ പണമിടപാടുകളിൽ കള്ളപ്പണം വെളുപ്പിക്കലിനെതിരായ നിയമങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ബാങ്കിടപാടുകളിൽ കള്ളപ്പണം വെളുപ്പിച്ചതായി ണ്ടെത്താൻ സാധിച്ചിട്ടില്ല. എന്നാൽ ഇത്തരം ഇടപാടുകളിൽ ബാങ്കിന്റെ ഭാഗത്തുനിന്ന് സുരക്ഷാവീഴ്ച സംഭവിച്ച സാഹചര്യത്തിലാണ് പിഴ ചുമത്തിയത്. പിഴ ചുമത്തിയ തുകയിൽ 3.58 ദശലക്ഷം ദിർഹം മിറാബൂദ് പണമിടപാടിലൂടെ നേടിയ കമ്മീഷൻ തുകയാണ്.
ബാങ്കിൽ എ.എം.എൽ നയങ്ങൾ നടപ്പാക്കിയിട്ടുണ്ടെങ്കിലും അവ കാര്യക്ഷമമല്ല. കൂടാതെ സംശയകരമായ ഇടപാടുകൾ നടത്തുന്നതിനുമുമ്പ് അക്കൗണ്ട് ഉടമകളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനോ സംശയങ്ങൾ അധികൃതരെ അറിയിക്കാനോ ബാങ്ക് തയ്യാറായിട്ടില്ലെന്ന് ഡി.എഫ്.എസ്.എ വ്യക്തമാക്കി. രാജ്യത്ത് കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരെ കർശന നടപടിയാണ് ദുബായ് ഭരണകൂടം സ്വീകരിക്കുന്നത്. ബാങ്കുകളുടെ ഇടപാടുകൾ നിരീക്ഷിക്കുന്നതിനായി പ്രത്യേകം സംഘങ്ങളെയും ഡി.എം.എസ്.എ നിയോഗിച്ചിട്ടുണ്ട്.